Connect with us

Kerala

അഴിമതി ആരോപണം; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

കോട്ടയം| കോട്ടയത്ത് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാര്‍ക്കിങ് മൈതാനത്ത് വാഹനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളെത്തുടര്‍ന്നാണ് എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരായ നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജിയാണ് ഉത്തരവിറക്കിയത്.

2020-ല്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ മണല്‍ മാഫിയയില്‍നിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഡ്രൈവറായ ബിജിക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എ.ഐ.ജിയാണ് ഉത്തരവിറക്കിയത്.

അഴിമതിയാരോപണമുയര്‍ന്ന മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന അഡീഷണല്‍ എസ്.ഐക്കും വനിതാ പൊലീസുകാരിക്കുമെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

 

 

Latest