National
വായു മലിനീകരണം അതീവ മോശം സ്ഥിതിയിൽ; ന്യൂഡൽഹി എൻ സി ആറിൽ മലിനീകരണ നിയന്ത്രണം ശക്തമാക്കി
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൽ മാറ്റം
ന്യൂഡൽഹി | ഡൽഹി എൻ സി ആർ പ്രദേശങ്ങളിലെ വായു മലിനീകരണം ‘അതീവ മോശം’ വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ, മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കി. നാഷണൽ കാപ്പിറ്റൽ റീജിയണിലെയും സമീപ പ്രദേശങ്ങളിലെയും വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ (സി എ ക്യു എം) ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ജി ആർ എ പി) പരിഷ്കരിച്ചു കൊണ്ടാണ് മലിനീകരണ നിയന്ത്രണ നടപടികൾ കർശനമാക്കിയത്. ഡൽഹിയിലെ ശരാശരി പ്രതിദിന എ ക്യു ഐ നിലകളെയും (AQI) കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ജി ആർ എ പി.
പുതുക്കിയ പദ്ധതി പ്രകാരം, സ്റ്റേജ് II ൽ ഉണ്ടായിരുന്ന പല നടപടികളും ഇപ്പോൾ സ്റ്റേജ് I (‘മോശം’ എ ക്യു ഐ: 201–300) ലേക്ക് മാറ്റി. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി വൈദ്യുതി തടസ്സമില്ലാതെ ഉറപ്പാക്കുക, തിരക്കേറിയ പോയിന്റുകളിൽ അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗത നീക്കം ഏകോപിപ്പിക്കുക, പത്രങ്ങൾ, ടി വി, റേഡിയോ എന്നിവ വഴി പൊതുജനങ്ങൾക്ക് മലിനീകരണ മുന്നറിയിപ്പ് നൽകുക, സി എൻ ജി/ഇലക്ട്രിക് ബസ് സർവ്വീസുകൾ വർദ്ധിപ്പിച്ചും മെട്രോയുടെ എണ്ണം കൂട്ടിയും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുൻപ് സ്റ്റേജ് III ൽ ഉൾപ്പെടുത്തിയിരുന്ന നടപടികൾ ഇപ്പോൾ സ്റ്റേജ് II ലേക്ക് (‘അതീവ മോശം’ എ ക്യു ഐ: 301–400) മാറ്റിയിട്ടുണ്ട്. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ എന്നിവിടങ്ങളിലെ പൊതു ഓഫീസുകളുടെയും മുനിസിപ്പൽ സ്ഥാപനങ്ങളുടെയും ഓഫീസ് സമയങ്ങൾ ക്രമീകരിക്കുന്നത് ഇതിൽ പ്രധാനമാണ്.


