Connect with us

First Gear

എഐ കാമറകള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും.

Published

|

Last Updated

ട്രാഫിക്ക് നിയമലംഘനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. സംസ്ഥാന ഗ്രാമീണ പാതകളില്‍ ഉള്‍പ്പെടെ 726 എഐ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ പ്രധാന അപകടമേഖലകള്‍, നിയമലംഘനം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ വെച്ചിട്ടുള്ളത്.

675 എഐ കാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരിക്കുക. സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4ജി സംവിധാനത്തിലൂടെയുമാണ് കാമറ പ്രവര്‍ത്തിക്കുക.

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും പുറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടോ, ടൂവീലറുകളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നുണ്ടോ, ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഇടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായി പരിശോധിക്കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നു പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും പിഴയുണ്ടാകും. കുട്ടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. അമിത വേഗത പിടികൂടാന്‍ നാല് കാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതോടെ കൂടുതല്‍ കാമറകള്‍ എത്തുമെന്നും വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്താല്‍ 250 രൂപയാണ് പിഴ ഒടുക്കേണ്ടത്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപ എന്നിങ്ങനെയും പോകുന്നു പിഴ  നിരക്കുകള്‍. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാല്‍ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതമകും എഐ കാമറകളില്‍ പതിയുക.

പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടയ്ക്കാന്‍ പോകുമ്പോള്‍ പ്രശ്‌നമാകും. അല്ലാത്ത പക്ഷം വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പണിപാളും. തുടര്‍ച്ചായി പിഴ അടയ്ക്കാതിരിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തിലാണ് കാമറകള്‍ പ്രവര്‍ത്തിച്ചത്.

പ്രതിമാസം 30,000 മുതല്‍ 90,000വരെ നിയമലംഘനങ്ങള്‍ കാമറയില്‍ പതിയുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനത്തിന് ഒരു കാമറയില്‍ പതിയുന്ന അതേ വാഹനം വീണ്ടും ഐഐ കാമറയില്‍ പതിഞ്ഞാല്‍ വീണ്ടും പിഴ വീഴും. സംസ്ഥാനത്ത് എഐ കാമറകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് വ്യക്തമാക്കി.

 

 

 

Latest