Connect with us

Agnipath

അഗ്നിപഥ്: തിരക്കഥകള്‍ ഫാസിസ്റ്റ് സൃഷ്ടിയാണ്‌

അഗ്നിപഥിലൂടെ ആത്യന്തികമായി ലക്ഷ്യമിടുന്നത് ഫാസിസ്റ്റ് ആശയഗതികള്‍ക്കെതിരെ പില്‍ക്കാലത്ത് ഉയര്‍ന്നേക്കാവുന്ന പ്രതിഷേധങ്ങളെ കായികപരമായി നേരിടാന്‍ തക്ക പിന്‍ബലമുള്ള ഒരു സംഘത്തെ പരിശീലിപ്പിച്ചെടുക്കല്‍ തന്നെയാകും. മുസ്സോളിനി ഇറ്റലിയില്‍ രൂപം നല്‍കിയ കരിങ്കുപ്പായക്കാരുടെ ഒരിന്ത്യന്‍ പതിപ്പായി ഒരു പക്ഷേ, റിട്ടയറാനന്തരം ഈ സേനയെ വാര്‍ത്തെടുത്താല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

Published

|

Last Updated

നോട്ട് നിരോധനം മുതല്‍ക്കിങ്ങോട്ട് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കില്‍ വെളിപ്പെടുന്ന വലിയൊരു സത്യമുണ്ട്. അര്‍ധ ഫാസിസത്തില്‍ നിന്ന് പൂര്‍ണ ഫാസിസത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഏത് ജനവിരുദ്ധ നിയമങ്ങളും നടപ്പാക്കാന്‍ പാകപ്പെടുത്തിയ മണ്ണാണ് ഇന്ത്യയുടെ പൊതു പ്ലാറ്റ്‌ഫോം എന്നതാണത്.

ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ ജനത്തിന്റെ പ്രതികരണ ശേഷിയെ തല്ലിക്കെടുത്തി ഒടുവില്‍ നിസ്സഹായതയുടെ ഒരു തടവറ തീര്‍ക്കുന്നതില്‍ വിജയിച്ചു കൊണ്ടാണ് ഭരണകൂടം ജനതാത്പര്യങ്ങള്‍ക്കു മേല്‍ അവരുടെ അവസാനത്തെ ആണിയടിക്കുക. പിന്നീടുണ്ടാകുന്ന സ്വാഭാവിക പ്രതിഷേധങ്ങളെയെല്ലാം വളരെ എളുപ്പത്തില്‍ മറികടക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിയുകയും ചെയ്യുന്നു. അതിന് അവര്‍ സ്വീകരിക്കുന്ന കപട മാര്‍ഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാവും ദേശസ്‌നേഹവും രാജ്യദ്രോഹവും ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ജനത്തെ നിശ്ശബ്ദരാക്കുക എന്ന തന്ത്രം.

നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പൗരത്വ ഭേദഗതിയിലും കൊവിഡ് കാല പ്രതിസന്ധിയെ നേരിടുന്നതിലെ വീഴ്ചയിലും ക്രമാതീതമായ വിലക്കയറ്റത്തിനെതിരെ അങ്ങിങ്ങായി തലപൊക്കിയ സമരങ്ങളിലും കര്‍ഷകരുയര്‍ത്തിയ അതിശക്തമായ പ്രക്ഷോഭങ്ങളിലും എല്ലാം ഇന്ത്യന്‍ ഭരണകൂടം ഉലച്ചില്‍ തട്ടാതെ പിടിച്ചുനിന്നതിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ തന്ത്രം ഇതായിരുന്നു. അത്തരം തന്ത്രങ്ങളെ മറികടന്നുകൊണ്ടുള്ള നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയില്ലെന്ന തിരിച്ചറിവും ഭരണകൂട ശക്തികള്‍ക്കുണ്ട്. ഈ ഘടകവും ഇന്ത്യന്‍ ഫാസിസത്തിന് ഊര്‍ജം നല്‍കുന്ന ഒന്നാണ്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്ന് വേണം അഗ്നിപഥ് എന്ന പുതിയ ഭരണകൂട തന്ത്രത്തെ നോക്കിക്കാണേണ്ടത്. അഗ്നിപഥിലൂടെ ആത്യന്തികമായി ലക്ഷ്യമിടുന്നത് ഫാസിസ്റ്റ് ആശയഗതികള്‍ക്കെതിരെ പില്‍ക്കാലത്ത് ഉയര്‍ന്നേക്കാവുന്ന പ്രതിഷേധങ്ങളെ കായികപരമായി നേരിടാന്‍ തക്ക പിന്‍ബലമുള്ള ഒരു സംഘത്തെ പരിശീലിപ്പിച്ചെടുക്കല്‍ തന്നെയാകും. മുസ്സോളിനി ഇറ്റലിയില്‍ രൂപം നല്‍കിയ കരിങ്കുപ്പായക്കാരുടെ ഒരിന്ത്യന്‍ പതിപ്പായി ഒരു പക്ഷേ, റിട്ടയറാനന്തരം ഈ സേനയെ വാര്‍ത്തെടുത്താല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. അത്രമാത്രം സൂക്ഷ്മമായ കുടില തന്ത്രങ്ങള്‍ക്ക് ശേഷമാണ് ഭരണകൂടം ഈ പരീക്ഷണത്തിനൊരുങ്ങുന്നതെന്നു വേണം കരുതാന്‍. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും ഇതവര്‍ വിജയിപ്പിച്ചെടുക്കുക തന്നെ ചെയ്യും.

എതിര്‍പ്പുകളുടെ അല്‍പ്പായുസ്സും എതിര്‍പ്പുയര്‍ത്തുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ മാനസികമായി ഇത്തരം സവര്‍ണ ഫാസിസ്റ്റ് തന്ത്രത്തെ രഹസ്യമായി അനുകൂലിക്കുന്നവരായുണ്ട് എന്ന തിരിച്ചറിവും ഭരണകൂടത്തിന് അനുകൂല ഘടകമാണ്. അതിനുമപ്പുറം ഫാസിസത്തിന്റെ വരുതിയിലാക്കപ്പെട്ട ഇന്ത്യയിലെ വന്‍കിട മീഡിയകളുടെ പിന്‍ബലവും ഏത് ജനദ്രോഹ നടപടികള്‍ക്കും കരുത്തേകുന്നതാണ്. അതിന്റെ പ്രതിഫലനം തന്നെയാണ് ഈ പദ്ധതി യുവത്വത്തിന് ഊര്‍ജം പകരുന്നതും രാജ്യ സേവനത്തിന് യുവതയെ സജ്ജമാക്കുന്നതുമാണെന്ന പ്രതീതി ഇന്ത്യയിലാകെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂടത്തിനാകുന്നതും.

ശക്തമായ എതിര്‍ പ്രചാരണത്തിലൂടെ ഇതിലടങ്ങിയ സവര്‍ണ ഫാസിസ്റ്റ് തന്ത്രത്തെ തുറന്നുകാണിക്കാനും വിജയം വരെ സമര രംഗത്ത് നിലയുറപ്പിക്കാനുമുള്ള കരുത്തും ശക്തിയും ആര്‍ജവവും ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ നിരകളില്‍ അണിനിരന്നിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പലതിനും ഇല്ല എന്ന വലിയ പരിമിതിയാണ് ഇന്ത്യന്‍ ഭരണകൂട ഫാസിസത്തിന്റെ തുറുപ്പ്ചീട്ട് എന്നത് കാണാതിരുന്നുകൂടാ.

ഫാസിസ്റ്റ് ഭരണാധികാരികള്‍ക്കും അവരെ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും ലോകത്തൊട്ടാകെ ചില സമാനതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനം യുവത്വത്തിലേക്ക് വിഷലിപ്തമായ ആശയങ്ങള്‍ കടത്തിവിടുക എന്നതും അവരെ വരുതിയിലാക്കാന്‍ വമ്പിച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതുമാണ്. ഫാസിസത്തിന്റെ ഉപജ്ഞാതാവായ ബെനിറ്റോ മുസ്സോളിനി തന്റെ ആത്മകഥയില്‍ ഇത് പ്രതീകാത്മകമായി സൂചിപ്പിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം- ‘എന്റെ ഫാസിസ്റ്റ് സുഹൃത്തുക്കള്‍ ജീവിക്കുന്നതെപ്പോഴും എന്റെ ചിന്തകളിലാണ്. അവിടെ ചെറുപ്പക്കാര്‍ക്ക് ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഫാസിസ്റ്റ് സംഘടന യുവത്വം കൊണ്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഈ യുവത്വത്തിന് പുതുതായി ഉണ്ടാക്കിയ ഫലോദ്യാനത്തെപ്പോലെ ഭാവിക്കു വേണ്ടിയുള്ള നിരവധി വര്‍ഷത്തെ ഫലപുഷ്ടിയുണ്ട്’ (മുസ്സോളിനി, ആത്മകഥ).
ലോകത്തെവിടെയുമുള്ള ഫാസിസ്റ്റുകള്‍ക്ക് ആപ്തവാക്യങ്ങളാണ് മുസ്സോളിനിയുടെ ചിന്തകള്‍. ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്തമാകില്ല.നടപ്പായിക്കൊണ്ടിരിക്കുന്നതും ഇനിയും അവരുടെ ബുദ്ധിയില്‍ വിരിയിച്ചെടുത്തു കൊണ്ടിരിക്കുന്നതുമായ നികൃഷ്ടവും നീചവുമായ കുടില തന്ത്രങ്ങള്‍ ജനത്തിനു മേല്‍ അശനിപാതം പോലെ പതിച്ചു കൊണ്ടേയിരിക്കും.

അഗ്നിപഥിനെ ഒരു ടെസ്റ്റ് ഡോസായി കരുതിയാല്‍ മതി. പിടിച്ചുകെട്ടാന്‍ പ്രായോഗികമായ ബദല്‍ ശക്തികള്‍ വളര്‍ന്നു വരാത്തിടത്തോളം കാലമൊക്കെയും അവരുടെ തിരക്കഥകള്‍ക്കനുസരിച്ചു തന്നെ തത്കാലം കാര്യങ്ങള്‍ നീങ്ങുമെന്നുറപ്പാണ്. ഒടുവില്‍ കാവ്യാത്മകമായ എന്തെങ്കിലും നീതിയുടെ ഇരയായി ഫാസിസത്തിന് മുറിവേറ്റാല്‍ മാത്രം സാധാരണ മനുഷ്യര്‍ക്ക് നീതി പ്രതീക്ഷിക്കാം. ഒടുവില്‍ മുസ്സോളിനിയെയും ആ കാവ്യനീതി പിടികൂടിയതോര്‍ക്കുക.