Connect with us

Business

ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവില്‍; നൂതന മാതൃകയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്- കെരല്‍റ്റി സംയുക്ത സംരംഭം

'അല്‍ കല്‍മ' സംരംഭം ആദ്യം ആരംഭിക്കുക സഊദിയില്‍.

Published

|

Last Updated

ബുര്‍ജീല്‍-കെരല്‍റ്റി സംയുക്ത സംരംഭ കരാര്‍ പ്രഖ്യാപന ചടങ്ങില്‍ കൊളംബിയയിലെ യു എ ഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിന്‍ ഖാതര്‍ അല്‍ ഷംസി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, കെരല്‍റ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് എന്നിവര്‍.

അബൂദബി | ചുരുങ്ങിയ ചെലവില്‍ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃക പശ്ചിമേഷ്യയില്‍ നടപ്പാക്കാന്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ്- കെരല്‍റ്റി സംയുക്ത സംരംഭം. കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പാണ് കെരല്‍റ്റി. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, സംയോജിത മാനസികാരോഗ്യ സേവനങ്ങള്‍ എന്നിവ ഏകീകരിക്കുന്ന മൂല്യാധിഷ്ഠിത ആരോഗ്യ മാതൃകയാണ് നടപ്പാക്കുക. ‘അല്‍ കല്‍മ’ എന്ന പേരിലാണ് ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തം.

ഉയര്‍ന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവില്‍ ലഭ്യമാക്കുന്ന അല്‍ കല്‍മ സഊദി അറബ്യയിലാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. പ്രാഥമിക ആരോഗ്യ മാതൃകയില്‍ സഊദി ചെലുത്തുന്ന ശ്രദ്ധ പദ്ധതിക്ക് ഏറെ ഗുണകരമാകും. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങള്‍ക്കൊപ്പം നോര്‍ത്ത് ആഫ്രിക്കയിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കും. 10 വര്‍ഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അല്‍ കല്‍മ ലക്ഷ്യമിടുന്നത്.

കൊളംബിയയിലെ കാര്‍ട്ടജീന ഡി ഇന്‍ഡ്യസ്സില്‍ നടന്ന ചടങ്ങില്‍ സംയുക്ത സംരംഭ കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യു എ ഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിന്‍ ഖാതര്‍ അല്‍ ഷംസി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, സി ഇ ഒ. ജോണ്‍ സുനില്‍, കെരല്‍റ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യു എസും കൊളംബിയയും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ അഞ്ച് ദശാബ്ദത്തോളമായി പ്രവര്‍ത്തിക്കുന്ന കെരല്‍റ്റിയുടെ ആരോഗ്യ പരിരക്ഷാ മാതൃക ആരോഗ്യ അപകടസാധ്യതകള്‍ കണ്ടെത്തല്‍, തടയല്‍, കൈകാര്യം ചെയ്യല്‍, രോഗങ്ങളുടെ നിയന്ത്രണം, പരിചരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും അടങ്ങുന്ന വിപുലമായ ശൃംഖലയുണ്ട്.

രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സേവനമാണ് അല്‍ കല്‍മ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാന്‍ ആളുകള്‍ക്ക് സഹായകമാകുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. കൊളംബിയയും യു എ ഇയും തമ്മിലുള്ള സജീവ സഹകരണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ആദ്യ സംയുക്ത ആരോഗ്യ സംരംഭം.

 

 

---- facebook comment plugin here -----

Latest