Connect with us

Prathivaram

ചേർത്തുനിർത്തലുകൾ, ചെറുത്തുനിൽപ്പുകൾ

ചരിത്ര പഠനങ്ങൾക്കു പുറമെ വാസ്തവങ്ങളെ നിരത്തുന്ന എഡ്വേർഡ് സൈദ് പോലെയുള്ളവരുടെ കൃതികളെയും പ്രതിപാദിക്കുന്നുണ്ട്. സൈദിന്റെ "ദി ലാസ്റ്റ് സ്കൈ'യും ഇസ്റാഈലി എഴുത്തുകാരിയായ സൂസൻ നഥാന്റെ "ഇസ്റാഈലിന്റെ മറുവശ'വും വിശദമായി എ കെ അബ്ദുൽ മജീദ് എഴുതുന്നുണ്ട്. തെൽഅവീവിൽ നിന്നും തംറയിലേക്ക് വീട് മാറിയ സൂസൻ നഥാൻ അവിടത്തെ ഫലസ്തീനികളുടെ ദയനീയ കാഴ്ചകളാണ് വിവരിക്കുന്നത്.

Published

|

Last Updated

പിറന്ന മണ്ണിൽ അപരരായി ജീവിക്കാൻ വിധിക്കപ്പെട്ട ഫലസ്തീനികളുടെ സ്ഥൈര്യത്തിന്റെയും ചോർന്നുപോകാത്ത ചെറുത്തുനിൽപ്പുകളുടെയും നീണ്ട ചരിത്രമാണ് കെ കെ ജോഷിയുടെ “പ്രതിരോധങ്ങൾക്ക് ഒരു ആമുഖം, ഫലസ്തീൻ ചെറുത്തുനിൽപ്പുകളുടെ സമ്പൂർണ ചരിത്രം’ എന്ന കൃതി. ഫലസ്തീൻ ചരിത്രത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് കണ്ണു തുറക്കുന്ന പതിനാല് പഠനങ്ങളും ഫലസ്തീനിലൂടെയുള്ള വൈകാരികമായ യാത്രാനുഭവവുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇസ്്ലാമിക ലോകത്തെ വീതം വെച്ചെടുക്കാനുള്ള ബ്രിട്ടന്റെയും ഫ്രാൻസിന്റെയും കുടിലബുദ്ധിയാണ് 1916 മെയ് 16 ന് കോളനിക്കള്ളന്മാർ നിർമിച്ചെടുത്ത സൈക്സ് പീകോ കരാർ. സയണിസ്റ്റ് അജൻഡകളുടെ ഭീമാത്കരമായ പ്രവർത്തനങ്ങളാണ് ഇതിനു പിന്നിൽ. ഇതോടുകൂടി ഫലസ്തീനിനെ സ്വന്തം അധീനതയിൽ കൊണ്ടുവരികയും വീതം വെപ്പ് തകൃതിയായി നടക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് ജൂത രാഷ്ട്രത്തിനായുള്ള കൊടിയ ശ്രമങ്ങളായിരുന്നു.

സൈക്സ് പീകോ കരാറിന് ശേഷം ഫലസ്തീനിൽ ഒരു ജൂത രാഷ്ട്രം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ 1917ൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആർതർ ജയിംസ് ബാൽഫർ സയണിസ്റ്റ് നേതാവ് ലോഡ് വാൾട്ടറിന് അയച്ച, ജൂത രാഷ്ട്രത്തെ ബ്രിട്ടീഷ് സർക്കാർ അംഗീകരിക്കുമെന്ന് കാണിക്കുന്ന കത്താണ് ബാൽഫർ ഡിക്ലറേഷൻ. ഇതിനു ശേഷമുള്ള കുപ്രചാരണങ്ങൾക്കും നിഗൂഢ നീക്കങ്ങൾക്കുമൊടുവിൽ 1948 ലാണ് ഇസ്്റാഈലെന്ന ജൂത രാഷ്ട്രം നിലവിൽ വരുന്നത്. 1947 നവംബർ 29ന് തന്നെ ഐക്യരാഷ്ട്ര സഭ വിഭജന രേഖക്ക് അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ, ബ്രിട്ടന്റെ ചതി പ്രയോഗങ്ങൾക്കിടയിൽ വെസ്റ്റ് ബേങ്കും ഗസ്സ സ്ട്രിപ്പും ഇസ്്റാഈൽ അധീനപ്പെടുത്തി. തുടർന്ന് ജറൂസലമിന്റെ പൂർണ നിയന്ത്രണം അവരുടെ കീഴിലായി. പൂർണ ജൂത രാഷ്ട്രം നിർമിക്കുകയെന്ന ബാൽഫർ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

ഫലസ്തീൻ ജനതക്ക് സ്വന്തമായൊരു രാഷ്ട്രം എന്ന ലക്ഷ്യത്തോടെ 1964ൽ യാസർ അറഫാത്ത് സ്ഥാപിച്ച സംഘടനയാണ് ഫതഹ്. ഇസ്്റാഈലിന്റെ പീഡനങ്ങളും അക്രമങ്ങളും തുടർക്കഥയായപ്പോൾ ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അറഫാത്ത്. എന്നാൽ, തുടർന്നുള്ള സമരമുഖങ്ങളിൽ ഒത്തുതീർപ്പിലേക്ക് ചായുകയായിരുന്നു. പല രാഷ്ട്രീയ ഉടമ്പടിയിലും ഹമാസിനും ഫതഹിനും തമ്മിലടിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു സംഭവമായിരുന്നു അമേരിക്കയുടെ ഇടനിലയിൽ 1967ൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ഇസ്റാഈൽ പിന്മാറുകയും ഗസ്സയും വെസ്റ്റ് ബേങ്കും ഉൾക്കൊള്ളിച്ച് ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുക എന്ന ഉപാധിയിൽ അന്നത്തെ ഇസ്്റാഈൽ പ്രധാനമന്ത്രിയും യാസർ അറഫാത്തും ചേർന്ന് ഒപ്പുവെച്ച ഓസ്്ലോ കരാർ. ഫതഹ് കരാറിനെ ന്യായീകരിക്കുമ്പോൾ ഹമാസ് അതിനെ തള്ളുകയായിരുന്നു. ഈ കരാറിനെ തുടർന്നാണ് റബീനും അറഫാത്തിനും നൊബേൽ പുരസ്കാരം ലഭിച്ചത്.

ചരിത്ര പഠനങ്ങൾക്കു പുറമെ വാസ്തവങ്ങളെ നിരത്തുന്ന എഡ്വേർഡ് സൈദ് പോലെയുള്ളവരുടെ കൃതികളെയും പ്രതിപാദിക്കുന്നുണ്ട്. സൈദിന്റെ “ദി ലാസ്റ്റ് സ്കൈ’യും ഇസ്റാഈലി എഴുത്തുകാരിയായ സൂസൻ നഥാന്റെ “ഇസ്റാഈലി ന്റെ മറുവശ’വും വിശദമായിട്ട് എ കെ അബ്ദുൽ മജീദ് എഴുതുന്നുണ്ട്. തെൽഅവീവിൽ നിന്നും തംറയിലേക്ക് വീട് മാറിയ സൂസൻ നഥാൻ അവിടത്തെ ഫലസ്തീനികളുടെ ദയനീയ കാഴ്ചകളാണ് വിവരിക്കുന്നത്. 1987ൽ ജൂത രാഷ്ട്രവുമായി ബന്ധപ്പെട്ട സയണിസം എന്ന പ്രസ്ഥാനം മനുഷ്യ വിരുദ്ധമാണെന്നും ജൂത മതവും സയണിസവും ഒന്നല്ല എന്നുമാണ് അലൻ ഹാർട്ടിന്റെ “സയണിസം ദി റിയൽ എനിമി ഓഫ് ജ്യൂസ്’ എന്ന ഗ്രന്ഥത്തിൽ വിശദമാക്കുന്നത്. ഫലസ്തീനികളുടെ അതിജീവനത്തിന്റെ ദാരുണ സംഭവങ്ങൾ ഉൾക്കൊള്ളിക്കുന്ന കൃതികളേയും ലേഖകൻ വിവരിക്കുന്നു.

സജീർ ബുഖാരിയുടെ ഫലസ്തീനിലൂടെയുള്ള വൈകാരിക യാത്രാനുഭവങ്ങളും ജൂതന്മാരും മുസ്‌ലിംകളും തമ്മിലുള്ള നബിയുടെ കാലത്തിലെ ചരിത്രങ്ങൾ അടിസ്ഥാനപ്പെടുത്തി ഡോ. ഉമർ സഖാഫി കോട്ടുമലയുടെ ലേഖനവും ഏറെ മികവുറ്റതാണ്.

ഇസ്്റാഈൽ രാഷ്ട്രരൂപവത്കരണാനന്തരം നടത്തിയ നായാട്ടുകൾക്കും കുടിയിറക്കുകൾക്കും ഇടയിൽ ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പുകൾ നമുക്ക് കാണാതെ പോകാൻ സാധിക്കില്ല. ഇരുന്ന ഇരുപ്പിൽ സ്വന്തം ജനതയോടുള്ള വിശ്വാസത്താൽ നെഞ്ച് വിരിച്ചു നിന്ന് ഒടുവിൽ ഇസ്്റാഈൽ സൈന്യം വധിച്ചുകളഞ്ഞ ഇബ്്റാഹിം അബൂ ഥുറയ്യയും ഇസ്റാഈലിന്റെ ബോംബേറുകൾ തകർത്തെറിഞ്ഞ മൂന്ന് മാസം പ്രായമുള്ള ഫാരിസ് അൽ തരാബീനും ഈ ബുക്കിൽ ചർച്ചയാകുന്നു. അങ്ങനെ എത്രയെത്ര ജീവനുകൾ. നൂറ്റാണ്ടുകളായി ഫലസ്തീനികൾ ആവർത്തിക്കുന്ന ചോദ്യമാണ് “എന്തിനാണ് ഞങ്ങളോടിത് ചെയ്യുന്നത്’. ഉത്തരം കിട്ടാതെ ഊര് ചുറ്റുന്ന ഫലസ്തീനികളുടെ ചോദ്യത്തിന്റെ നാനാതരം മുഴക്കങ്ങളുടെ, ആ ചോദ്യത്തിന്റെ ചരിത്രവഴികളുടെ സമാഹാരമാണ് ഈ പുസ്തകം. ഏതൊരു ചരിത്ര പഠിതാവിനും ഉപകാരപ്രദമാണിത്. പ്രസാധകർ ഐ പി ബി ബുക്്സ്. വില 130 രൂപ.

മുഹമ്മദ് ബിശ്ർ കരുളായി
mohammedbishr614@gmail.com

Latest