Kerala
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ നടപടികള്‍ തിരുത്തണം; എം വി ഗോവിന്ദന്‍
ജയവും തോല്‍വിയും ഇടകലര്‍ന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളത്.

കോഴിക്കോട് | അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കിയ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
മുന്‍ഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം. പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മാവൂരില്‍ കെ എസ് കെ ടി എ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളോട് ഒപ്പം നില്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികള്‍ക്കൊപ്പവും നില്‍ക്കും. രണ്ടു കൂട്ടര്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ ഉണ്ട്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കേണ്ടത് വിശ്വാസികളാണ്. അവിടെ വര്‍ഗീയവാദികള്‍ക്ക് സ്ഥാനമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ജയവും തോല്‍വിയും ഇടകലര്‍ന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം തിരഞ്ഞെടുപ്പില്‍ ഘടകങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായിയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് വേട്ടയാടുകയാണ്. കമ്പനികള്‍ തമ്മിലുള്ള കേസുകള്‍ കമ്പനി നോക്കട്ടെ. പിണറായിക്കെതിരെ ഒരു കേസ് പോലും ഇപ്പോള്‍ ഇല്ല.പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത് രാഷ്ട്രീയപ്രചാരവേലയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷപ്രവര്‍ത്തകര്‍ തിരുത്തല്‍ വരുത്തേണ്ട മേഖലകളില്‍ തിരുത്തണമെന്നും സ്വയം വിമര്‍ശനം നടത്തണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.