Connect with us

Kerala

വിവാദങ്ങൾക്കൊടുവിൽ നടപടി; എഡിജിപി അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

ഞായറാഴ്ച രാത്രി സെക്രട്ടേറിയറ്റിലെ ഓഫീസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചത്.

Published

|

Last Updated

തിരുവനന്തപുരം |എ ഡി ജി പി. എം ആർ അജിത് കുമാറിന് എതിരെ ഒടുവിൽ നടപടി. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു. അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിച്ച ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. ഞായറാഴ്ച രാത്രി സെക്രട്ടേറിയറ്റിലെ ഓഫീസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചത്.

അതേസമയം ഏറെ കരുതലോടെയാണ് അജിത്കുമാറിന് എതിരായ മുഖ്യമന്ത്രിയുടെ ഉത്തരവ്. ഒരു സ്ഥലംമാറ്റ ഉത്തരവാണ് മുഖ്യമന്ത്രി പുറപ്പെടുവിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ ബറ്റാലിയനിലേക്ക് അജിത്കുമാറിനെ മാറ്റിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് പകരം ചുമതല നൽകി. സര്‍വീസ് ചട്ടപ്രകാരം സ്ഥലംമാറ്റം നടപടിയല്ല എന്നതും ശ്രദ്ധേയമാണ്.

ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയമിച്ച് 32 ദിവസത്തിന് ശേഷമാണ് അജിത് കുമാറിനെ നീക്കുന്നത്. അജിത് കുമാറിന് എതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച പി വി അൻവർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം ചെവികൊണ്ടിരുന്നില്ല. ഡി ജി പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒടുവിൽ അൻവർ സിപിഎം ബാന്ധവം അവസാനിപ്പിച്ച് സ്വന്തം പാർട്ടി പ്രഖ്യാപിച്ച് നീക്കങ്ങൾ ശക്തമാക്കിയതിന് ശേഷമാണ് മുഖ്യമന്ത്രി അജിത് കുമാറിന് എതിരെ നടപടി സ്വീകരിക്കുന്നത്.

അൻവറിന്റെ ആരോപണങ്ങൾക്ക് പിറകെ അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം പ്രതിപക്ഷനേതാവും ശക്തമായി ഉന്നയിച്ചിരുന്നു. തൃശ്ശൂർപ്പൂരം കലക്കിയത് അജിത്കുമാറാണെന്നും ആരോപണമുയർന്നു.

എ ഡി ജി പിയെ മാറ്റണമെന്ന് സിപിഐയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അപ്പോഴും മുഖ്യമന്ത്രി എഡിജിപിക്ക് സുരക്ഷാവലയമൊരുക്കുകയാണ് ചെയ്തത്. എന്നാൽ ഈ സംരക്ഷണം അധികകാലം തുടരാനാകില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ച് മുഖം രക്ഷിച്ചത്. നാളെ നിയമസഭാ സമ്മേളനത്തിൽ എഡിജിപി വിഷയം രൂക്ഷമായി ഉന്നയിക്കപ്പെടാനുള്ള സാധ്യതയുള്ളതും മുഖ്യമന്ത്രിയെ തിടുക്കത്തിൽ നടപടി എടുക്കാൻ പ്രേരിപ്പിച്ചു എന്നുവേണം കരുതാൻ.

Latest