Connect with us

Kerala

സി എ ജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളത്; മറുപടിയുമായി ധനമന്ത്രി

നികുതി കുടിശ്ശികയില്‍ 420 കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തു. ഇത് ചരിത്ര നേട്ടമാണ്. പെന്‍ഷന്‍ അനര്‍ഹര്‍ക്ക് നല്‍കിയത് പരിഹരിച്ചു വരികയാണ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ നികുതി കുടിശ്ശിക വിഷയത്തില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) ആരോപണത്തിന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സി എ ജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതല്‍ ഉള്ളതാണെന്ന് മന്ത്രി പറഞ്ഞു. നികുതി കുടിശ്ശികയില്‍ 420 കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തു. ഇത് ചരിത്ര നേട്ടമാണ്. പെന്‍ഷന്‍ അനര്‍ഹര്‍ക്ക് നല്‍കിയത് പരിഹരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

2021-2022ല്‍ 6400 കോടി രൂപ കുടിശ്ശിക കൂടിയെന്നാണ് സി എ ജി റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപന വായ്പ പൊതു ഇനമാക്കി ചേര്‍ത്തതിനാലാണ് കുടിശ്ശിക കൂടിയത്. 1970 മുതലുള്ള 5,980 കോടി സഹായം ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹിക ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായും സി എ ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നിഷേധിക്കപ്പെടുകയും അനര്‍ഹര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ ലഭിക്കുന്നതടക്കമുള്ള വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 3,990 പേര്‍ രണ്ട് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായും കണ്ടെത്തി. നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കും പെന്‍ഷന്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

20 ശതമാനം പേര്‍ ക്ഷേമപെന്‍ഷന് അര്‍ഹതയില്ലെന്ന് സി എ ജി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്കും പെന്‍ഷന്‍ നല്‍കിയെന്നും സി എ ജി ആരോപിച്ചു. 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍ 2020-2021 സാമ്പത്തിക വര്‍ഷം വരെയുള്ള കാലത്തെ കണക്കുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നടത്തിപ്പില്‍ സുതാര്യതയില്ലെന്നും സി എ ജി വ്യക്തമാക്കി. സ്ഥാപനം അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ല. പെന്‍ഷന്‍ പ്രതിമാസം നല്‍കാതെ മാസങ്ങളുടെ ബാച്ചുകളായാണ് നല്‍കിയത്. തെറ്റായ പ്രോസസിംഗിലൂടെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. വിധവാ പെന്‍ഷന്‍ ക്രമരഹിതമായി നല്‍കി. ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.