Uae
അബൂദബി പാസിൽ 10 ജിബി ടൂറിസ്റ്റ് സിം കാർഡ് ഉൾപ്പെടുത്തും
പാസ് ഉടമകൾക്ക് 200-ലധികം റെസ്റ്റോറന്റുകളിലും ഡെസേർട്ട് സഫാരികൾ, സിറ്റി ടൂറുകൾ തുടങ്ങിയ അനുഭവങ്ങളിലും ഇളവ് ലഭിക്കും.
അബൂദബി | ഇത്തിഹാദ് യാത്രക്കാർക്കും അബൂദബിയിലേക്കുള്ള സന്ദർശകർക്കും സൗജന്യ അബൂദബി പാസ് നൽകും. പത്ത് ജി ബി ഡാറ്റയുള്ള ടൂറിസ്റ്റ് സിം കാർഡ്, പൊതു ബസുകളിൽ പരിധിയില്ലാത്ത യാത്ര, ഹോപ്പ്-ഓൺ-ഹോപ്പ്-ഓഫ് ടൂറിസ്റ്റ് ബസിലേക്ക് 24 മണിക്കൂർ ആക്സസ് എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ പാസ് വാഗ്ദാനം ചെയ്യുന്നു.
നഗരത്തിലെ ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി പൂർണമായും ഡിജിറ്റൽ യാത്ര വാഗ്ദാനം ചെയ്യുന്നതുമാണ് ഈ പാസ്. അധിക ചെലവോ ആപ്പ് ഡൗൺലോഡോ ആവശ്യമില്ലാതെ ഇമെയിൽ ലിങ്ക് വഴി ഇത്തിഹാദ് യാത്രക്കാർക്ക് പാസ് ആക്സസ് ചെയ്യാൻ കഴിയും. ഈ ലക്ഷ്യത്തോടെ ഇത്തിഹാദ് എയർവേയ്സും സാംസ്‌കാരിക, ടൂറിസം വകുപ്പും (ഡി സി ടി) പങ്കാളിത്തത്തിലെത്തി. ഇത്തിഹാദിന്റെ സ്റ്റോപ്പ് ഓവർ പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയാണ് കരാർ.
2024-ൽ, ഇത് 85,000 സന്ദർശകരെ ആകർഷിച്ചു. 2025-ൽ 50 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നു. ഇത്തിഹാദ് വഴി ബുക്ക് ചെയ്യുന്ന സന്ദർശകർക്ക് രണ്ട് രാത്രികൾ വരെ സൗജന്യ ഹോട്ടൽ താമസവും ആസ്വദിക്കാനാകും. ഖസർ അൽ വതൻ, ലൂവ്രെ അബൂദബി തുടങ്ങിയ സാംസ്‌കാരിക വേദികളിലും ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്‌സ് വേൾഡ് തുടങ്ങിയ യാസ് ദ്വീപ് ആകർഷണങ്ങളിലും അബൂദബി പാസ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
പാസ് ഉടമകൾക്ക് 200-ലധികം റെസ്റ്റോറന്റുകളിലും ഡെസേർട്ട് സഫാരികൾ, സിറ്റി ടൂറുകൾ തുടങ്ങിയ അനുഭവങ്ങളിലും ഇളവ് ലഭിക്കും. 39.3 ദശലക്ഷം സന്ദർശകരെ ആകർഷിക്കുക, ടൂറിസം മേഖലയിൽ 178,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 2030 ആകുമ്പോഴേക്കും ജി ഡി പിയിലേക്ക് 90 ബില്യൺ ദിർഹം സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ഇത് സഹായിക്കും.


