Uae
നക്ഷത്രാന്തര വാൽനക്ഷത്ര ചിത്രം പകർത്തി അബൂദബി നിരീക്ഷണാലയം
സൗരയൂഥത്തിന് പുറത്ത് നിന്ന് അപൂർവ വാൽനക്ഷത്രം

അബൂദബി|അബൂദബി ആസ്ഥാനമായുള്ള അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയം മണിക്കൂറിൽ 2,21,000 കിലോമീറ്റർ വേഗതയിൽ സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണ വാൽനക്ഷത്രത്തിന്റെ ചിത്രം പകർത്തി. സൗരയൂഥത്തിന് പുറത്ത് നിന്ന് എത്തുന്ന മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവാണിത്. ജൂലൈ മൂന്നിന് വൈകുന്നേരമാണ് വാൽനക്ഷത്രത്തിന്റെ ചിത്രങ്ങൾ പകർത്തിയതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ഡയറക്ടർ എൻജിനീയർ മുഹമ്മദ് ശൗക്കത്ത് ഊദ പറഞ്ഞു. ഈ ആകാശ വസ്തുവിനെ ശാസ്ത്രീയമായി നിരീക്ഷിക്കുന്ന ആദ്യത്തെ അറബ് സ്ഥാപനമാണ് അൽ ഖാതിം നിരീക്ഷണാലയം.
ജൂലൈ ഒന്നിന് നാസയാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. ചിലിയിലെ അറ്റ്‌ലസ് സർവേ സംവിധാനവും അതിന്റെ ദൂരദർശിനിയും ഉപയോഗിച്ചായിരുന്നു ഈ കണ്ടെത്തൽ. നിലവിൽ സൂര്യനിൽ നിന്ന് 670 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ വാൽനക്ഷത്രം. സൗരയൂഥവുമായി ഗുരുത്വാകർഷണപരമായി ബന്ധിപ്പിക്കാൻ കഴിയാത്തത്ര ഉയർന്ന വേഗതയിലാണ് ഇത് സഞ്ചരിക്കുന്നതെന്ന് എൻജിനീയർ ഊദ അഭിപ്രായപ്പെട്ടു. ഈ വർഷം ഒക്ടോബർ 30-ന് 210 ദശലക്ഷം കിലോമീറ്റർ അകലെ സൂര്യനോട് ഏറ്റവും അടുത്ത് എത്തും. 45 മിനിറ്റ് നിരീക്ഷണ സമയത്ത് 45 ചിത്രങ്ങൾ പകർത്തുന്നതിൽ നിരീക്ഷണ സംഘം വിജയിച്ചു. അബൂദബി നിരീക്ഷണാലയത്തിൽ നിന്നുള്ള വിവരങ്ങൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്ററിന് സമർപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----