UAE
വേർപിരിഞ്ഞാലും കുട്ടികളുടെ സംരക്ഷണം മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തം; പുതിയ കുടുംബ ചാർട്ടറുമായി അബൂദബി
അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്ചെയർമാൻ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ 2026-ലെ 43-ാം നമ്പർ ഉത്തരവിലൂടെയാണ് "വേർപിരിയലിന് ശേഷമുള്ള ചാർട്ടർ - കുടുംബവർഷം' എന്ന പുതിയ ചട്ടക്കൂടിന് അംഗീകാരം നൽകിയത്.
അബൂദബി| മാതാപിതാക്കൾ തമ്മിൽ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്താലും കുട്ടികളുടെ സംരക്ഷണവും പരിപാലനവും ഇരുവരുടെയും തുല്യ ഉത്തരവാദിത്തമായി ഉറപ്പാക്കുന്ന പുതിയ കുടുംബ ചാർട്ടറിന് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അംഗീകാരം നൽകി. അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്ചെയർമാൻ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ 2026-ലെ 43-ാം നമ്പർ ഉത്തരവിലൂടെയാണ് “വേർപിരിയലിന് ശേഷമുള്ള ചാർട്ടർ – കുടുംബവർഷം’ എന്ന പുതിയ ചട്ടക്കൂടിന് അംഗീകാരം നൽകിയത്.
മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കിടയിലും കുട്ടികളുടെ മാനസികവും വൈകാരികവുമായ സ്ഥിരത കാത്തുസൂക്ഷിക്കുക, കുടുംബബന്ധം വേർപിരിഞ്ഞാലും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് ചാർട്ടറിന്റെ പ്രധാന ലക്ഷ്യം. ദാമ്പത്യബന്ധം അവസാനിച്ചാലും മാതാപിതാക്കളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും കുട്ടിയുടെ സുരക്ഷയും ക്ഷേമവുമാണ് എല്ലാറ്റിനും മുകളിലെന്നും ചാർട്ടർ വ്യക്തമാക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ധാർമിക മൂല്യങ്ങൾ, സ്വഭാവരൂപീകരണം എന്നിവയിൽ മാതാവും പിതാവും ഒരുമിച്ച് സഹകരിക്കണം. കുട്ടിയുടെ കസ്റ്റഡി ചുമതലയുള്ളയാൾ മറ്റേയാൾക്ക് കുട്ടിയുടെ സ്‌കൂൾ റിപ്പോർട്ടുകൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി കൈമാറണം. ചികിത്സ, വിദ്യാഭ്യാസം, യാത്രകൾ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ ഇരുവർക്കും തുല്യമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ടായിരിക്കും.
കുട്ടിയെ സന്ദർശിക്കാനും ആശയവിനിമയം നടത്താനും രാത്രി താമസത്തിനും ഇരുവർക്കും പരസ്പര ധാരണയോടെ സൗകര്യമൊരുക്കണം. കുട്ടികളുടെ സാന്നിധ്യത്തിൽ പരസ്പരം പഴിചാരുകയോ. അപമാനിക്കുകയോ, വിവാഹമോചന കാരണങ്ങൾ ചർച്ച ചെയ്യുകയോ ചെയ്യരുത്. കുട്ടിയെ സന്ദർശിക്കുന്നതോ ചെലവുകൾ വഹിക്കുന്നതോ പരസ്പരം സമ്മർദത്തിലാക്കാനുള്ള ആയുധമാക്കരുതെന്നും കർശന നിർദേശമുണ്ട്.
Content Highlights:
Abu Dhabi Judicial Department approved a new family charter ensuring joint responsibility for parents after separation or divorce. Chairman Sheikh Mansour bin Zayed Al Nahyan issued Order No 43 of 2026 for this framework. It aims to protect children’s emotional stability and safety.






