National
തമിഴ്നാട് നിയമസഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും; മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ
മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കര്‍ ജെ സി ഡി പ്രഭാകര്‍ തള്ളി.
ചെന്നൈ|തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് നടത്തിയ മിസ, സര്‍ക്കാരിയ കമ്മീഷന്‍ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടര്‍ന്ന് സഭയില്‍ ഇന്നും വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലുള്ള കേസുകള്‍ വായിച്ചു കേള്‍പ്പിച്ചത് സഭാ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎല്‍എ ഇ വി വേലു ആരോപിച്ചു. അന്വേഷണത്തിലുള്ള കേസുകളില്‍ പരാമര്‍ശം നടത്തുന്നത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും വേലു വ്യക്തമാക്കി.
ഡിഎംകെയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ആധവ് അര്‍ജുന രംഗത്തെത്തി. ഭരണകക്ഷി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ഡിഎംകെ തയ്യാറാകുന്നില്ല. സഭയില്‍ താന്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം തടസപ്പെടുത്താനാണ് ഡിഎംകെ ശ്രമിക്കുന്നത്. ഡിഎംകെയ്ക്ക് മുഖ്യമന്ത്രിയെയും ഭരണകക്ഷിയെയും ഭയമാണ്. ഭരണകക്ഷിയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കര്‍ ജെ സി ഡി പ്രഭാകര്‍ തള്ളി. മുന്‍പ് സഭയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. അതിനാല്‍ പ്രസംഗ ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സഭാ നടപടികള്‍ക്കിടയിലാണ് മുഖ്യമന്ത്രി വിജയ് ഡിഎംകെയ്‌ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്.
മുന്‍ ഡി എം കെ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ കരാറുകാരില്‍ നിന്ന് കരാര്‍ തുകയുടെ 7.5ശതമാനം മുതല്‍ 10ശതമാനം വരെ ‘പാര്‍ട്ടി ഫണ്ടായി’ ഈടാക്കിയതായി മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ഉദ്ധരിച്ച് നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ലോണ്‍ തിരിച്ചടവ് പോലെ ഗഡുക്കളായാണ് ഈ തുക കൈപ്പറ്റിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ മന്ത്രി വി സെന്തില്‍ ബാലാജിയുടെ നേതൃത്വത്തില്‍ ടാസ്മാക് ബാറുകളില്‍ നിന്നും മറ്റും പണം പിരിച്ച സംഘത്തെ ഇ ഡി ‘കരൂര്‍ ഗാങ്’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും, ഡി എം കെ ഭരണകാലത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പോലും വളരെ വ്യവസ്ഥാപിതമായി നടപ്പാക്കിയെന്നും വിജയ് ആരോപിച്ചു. അന്നത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിനും ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളാണെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നതായും വിജയ് നിയമസഭയില്‍ പറഞ്ഞു.
അതേസമയം, ഉദയനിധി സ്റ്റാലിന്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചു. ക്രമസമാധാന നില തകര്‍ന്നത് ഉള്‍പ്പെടെയുള്ള 15 നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രി സിനിമാ സ്റ്റൈലില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സഭയില്‍ വലിയ ബഹളത്തെ തുടര്‍ന്ന് ഡി എം കെ എം എല്‍ എമാര്‍ വാക്ക്ഔട്ട് നടത്തുകയും ചെയ്തിരുന്നു.
Content Highlights:
Chaos erupted in the Tamil Nadu Assembly after DMK protested CM Joseph Vijay’s remarks on MISA and ED corruption allegations. Speaker JCD Prabhakar rejected DMK’s demand to expunge the CM’s speech. Udhayanidhi Stalin accused the CM of deflecting core issues using movie-style distractions.




