Connect with us

Uae

അബുദബിയില്‍ ഇന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം

പ്രതിവര്‍ഷം ഒരാള്‍ ഉപയോഗിക്കുന്നത് 1,182 പ്ലാസ്റ്റിക് ബാഗുകള്‍

Published

|

Last Updated

അബുദബി |  യു എ ഇ യില്‍ പ്രതിവര്‍ഷം ഒരാള്‍ ഉപയോഗിക്കുന്നത് 1,182 പ്ലാസ്റ്റിക് ബാഗുകളാണെന്ന് അബുദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ ഷൈഖ അല്‍ ദഹേരി പറഞ്ഞു. പ്രതിവര്‍ഷം ഒരാള്‍ക്ക് 307 ബാഗുകള്‍ എന്ന ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കായി കണക്കാക്കപ്പെടുന്നു. 2019 ഫെബ്രുവരിയിലെ ലോക ഗവണ്‍മെന്റ് ഉച്ചകോടി കണക്കുകള്‍ പ്രകാരം, ഓരോ വര്‍ഷവും എമിറേറ്റില്‍ 1100 കോടി പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നു, കൂടാതെ പ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നു- അദ്ദേഹം വിശദമാക്കി.

ഏകദേശം 1.3 കോടി ടണ്‍ പ്ലാസ്റ്റിക് ഓരോ വര്‍ഷവും സമുദ്രത്തിലേക്ക് പ്രവേശിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.2021 ല്‍ പരിസ്ഥിതി വകുപ്പ് നടത്തിയ പഠനത്തില്‍ കടലാമകളുടെ മരണത്തിന് പ്രധാന കാരണം പ്ലാസ്റ്റിക് ബാഗുകളാണ്. അബുദബി ബീച്ചുകളില്‍ അപകടം സംഭവിച്ച 150-ലധികം കടലാമകളെ പരിസ്ഥിതി വകുപ്പ് പുനരധിവസിപ്പിച്ചു. രക്ഷപ്പെടുത്തിയ ആമകളില്‍ 80 ശതമാനവും പ്ലാസ്റ്റിക്കുകള്‍ അകത്താക്കിയതായി ഗവേഷകര്‍ കണ്ടെത്തി. ആമകള്‍ പലപ്പോഴും പ്ലാസ്റ്റിക് ബാഗുകളെ ജെല്ലിഫിഷായി തെറ്റിദ്ധരിക്കുന്നു, പ്ലാസ്റ്റിക്കുകള്‍ അവയുടെ ദഹനനാളത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ പ്ലാസ്റ്റിക് പ്രശ്‌നം കടലില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹം കൂട്ടി ചേര്‍ത്തു.

2008 മുതല്‍ നൂറുകണക്കിന് ഒട്ടകങ്ങളുടെ മരണത്തിന് പ്ലാസ്റ്റിക് കാരണമായതായി യുഎഇയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.യു എ ഇ യില്‍ ഒട്ടകങ്ങളുടെ മരണത്തിനും പ്ലാസ്റ്റിക് വലിയ കാരണമാണ്. ദുബൈ സെന്‍ട്രല്‍ വെറ്ററിനറി റിസര്‍ച്ച് ലബോറട്ടറി 30,000 ഒട്ടകങ്ങളില്‍ നടത്തിയ പഠനത്തില്‍ 10 ശതമാനവും ചത്തത് പ്ലാസ്റ്റിക് ഭക്ഷിച്ചത് മൂലമാണ്. മൃഗങ്ങള്‍ ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് പ്ലാസ്റ്റിക് കഴിക്കുമ്പോള്‍ ഇവ വര്‍ഷങ്ങളോളം ആമാശയത്തില്‍ കിടക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതെന്ന് അബുദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ ഷൈഖ അല്‍ ദഹേരി വ്യക്തമാക്കി.

സ്വന്തം ബാഗുകള്‍ കൊണ്ടുവരേണ്ടതുണ്ടോ?

ഇന്ന് മുതല്‍ അബുദബി എമിറേറ്റില്‍ ഒറ്റത്തവണ ബാഗുകളുടെ നിരോധനം നടപ്പിലാകുന്നതോടെ സാധനങ്ങള്‍ വാങ്ങുന്നതിന് സ്വന്തമായി ബാഗ് കൊണ്ടുവരണം അല്ലെങ്കില്‍, പുനരുപയോഗിക്കാവുന്ന ബാഗിനായി പണം നല്‍കേണ്ടിവരും.
വില നല്‍കിയാല്‍ പോലും സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ലഭ്യമാകില്ല. എന്നാല്‍, മരുന്നുകള്‍ക്കായി ഫാര്‍മസികള്‍ ഉപയോഗിക്കുന്ന ബാഗുകള്‍ പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍, ധാന്യങ്ങള്‍, റൊട്ടി എന്നിവ സൂക്ഷിച്ചിരിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് ബാഗുകള്‍, ഫാഷന്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വലിയ ഷോപ്പിംഗ് ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, ചവറ്റുകുട്ടകള്‍, സന്ദേശങ്ങള്‍, തപാല്‍ പാഴ്‌സലുകള്‍, മാസികകള്‍, പത്രങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള ബാഗുകള്‍, ചെടികള്‍, പൂക്കള്‍, അലക്കല്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള ബാഗുകള്‍ എന്നിവക്ക് നിരോധനം ബാധകമല്ല.

പ്ലാസ്റ്റിക് നിരോധനം മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ?

പല രാജ്യങ്ങളിലും സമാനമായ നിരോധനം നിലവിലുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ ജലപാതകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും പ്രവര്‍ത്തനം തടയുന്നത് കാരണം 2017-ല്‍ കെനിയ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു. ഇത് കടുത്ത വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍മ്മിക്കുന്ന അല്ലെങ്കില്‍ വിതരണം ചെയ്യുന്ന വ്യക്തികളെ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം തടവോ 40,000 ഡോളര്‍ പിഴയോ ലഭിക്കും. തായ്ലന്‍ഡില്‍ 2020 മുതല്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കുന്നതിനുള്ള സമ്പൂര്‍ണ നിരോധനവും നിലവിലുണ്ട്. 2008-ല്‍ റുവാണ്ട പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി, രാജ്യത്തേക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടുകെട്ടാന്‍ അതിര്‍ത്തികളില്‍ ലഗേജ് പരിശോധന കര്‍ശനമാണ്. സ്‌കോട്ട്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജൂണ്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. അബുദബിയില്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം കപ്പുകള്‍, പ്ലേറ്റുകള്‍, ഭക്ഷണ പാത്രങ്ങള്‍ എന്നിവ 2024-ഓടെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കും.

ദുബൈയില്‍ നിരോധനം

ദുബൈയില്‍ ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗിന് 25 ഫില്‍സ് ചാര്‍ജ് ഏര്‍പ്പെടുത്തും. എല്ലാ സ്റ്റോറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി ഓര്‍ഡറുകള്‍ക്കും ഫാര്‍മസികള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിംഗിനും നിരക്ക് ബാധകമാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിന് മുമ്പ് അവയുടെ ഉപയോഗം കുറക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്.

ലുലു

ഒറ്റത്തവണ ഉപയോഗ ബാഗുകളുടെ നിരോധനം അബുദബിയില്‍ ഇന്ന് മുതല്‍ നടപ്പിലാകുന്നതോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ലുലു മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വിജയന്‍ നന്ദകുമാര്‍ അറിയിച്ചു. നിരോധനം ആദ്യമായി നിലവില്‍ വരുന്ന ആദ്യ ദിവസമായ ഇന്ന് കുറച്ച് തടസ്സങ്ങള്‍ ഉണ്ടായേക്കാം, പക്ഷേ കാര്യമായി പ്രശ്‌നങ്ങളൊന്നുമില്ല അദ്ദേഹം അറിയിച്ചു. കുറച്ചു വര്‍ഷങ്ങളായി പുനരുപയോഗ ബാഗുകളുടെ ഉപയോഗം സംബന്ധിച്ച ബോധവല്‍ക്കരണവും പ്രോത്സാഹനവും ലുലുവില്‍ തുടരുകയാണ്, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് പുനരുപയോഗ ബാഗുകള്‍ വിവിധ വിലകളില്‍ ലുലുവില്‍ സുലഭമായി ലഭിക്കും അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest