National
മമതയുടെ വഴിയേ എഎപിയും; പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഭഗവന്ദ് മാൻ
പഞ്ചാബിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

അമൃത്‍സർ | ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന മമതാ ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇതേ നിലപാടുമായി എഎപിയും രംഗത്ത് വന്നു. പഞ്ചാബിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു.
പഞ്ചാബിലെ 13 സീറ്റുകളിലും എഎപി നേരിട്ട് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 13 സീറ്റുകളിലേക്ക് 40 പേരുകളാണ് പരിഗണിക്കുന്നതെന്നും സ്ഥാനാർത്ഥികളെ സംബന്ധിച്ച് സർവേ നടന്നുവരികയാണെന്നും ഭഗവന്ദ് പറഞ്ഞു. ഇതോടെ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസുമായുള്ള ഏകോപനത്തിൽ കാര്യമായൊന്നും നടക്കുന്നില്ലെന്ന് വ്യക്തമായി.
ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായി തന്റെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കൂവെന്നും മമത വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും ഇതേ നിലപാടുമായി മുന്നോട്ടുവരുന്നത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരെ ഒന്നിച്ച കക്ഷികളാണ്. എന്നാൽ സംസ്ഥാനങ്ങളിൽ അവരുടെ വഴികൾ വ്യത്യസ്തമാണ്. മമത ബാനർജിയുടെയും ആം ആദ്മി പാർട്ടിയുടെയും തീരുമാനത്തോടെ ഇന്ത്യാ സഖ്യത്തിനുള്ളിൽ വിള്ളലുകൾ വന്നുതുടങ്ങിയെന്നത് വ്യക്തമാണ്.