International
ലോകത്താദ്യം; ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ഒരു സംഘം ഡോക്ടര്‍മാര്‍
സ്‌കാനിങ്ങില്‍ ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വാവസ്ഥ കണ്ടെത്തിയതോടെയാണ് ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

വാഷിംഗ്ടണ്‍| അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ഒരു സംഘം ഡോക്ടര്‍മാര്‍. അമേരിക്കയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന് ‘വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍’ എന്ന അവസ്ഥയായിരുന്നു. തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴല്‍ ശരിയായ രീതിയില്‍ വികസിക്കാതെയിരിക്കുന്നതാണ് വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്.
ഈ അവസ്ഥയുള്ളവരുടെ സിരകളിലും ഹൃദയത്തിലും രക്തം അമിതമായ തോതില്‍ സമ്മര്‍ദമുണ്ടാക്കും. ഇത് ജീവന്‍ തന്നെ അപകടത്തിലാക്കുന്ന അവസ്ഥയാണ്. ഈ പ്രശ്‌നത്തോടെ ജനിക്കുകയാണെങ്കില്‍ മസ്തിഷ്‌ക ക്ഷതം, ജനനശേഷം ഉടനടിയുള്ള ഹൃദയസ്തംഭനം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റ് ഡോ. ഡാരന്‍ ഓര്‍ബാച്ച് പറഞ്ഞു.
സ്‌കാനിങ്ങില്‍ ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വാവസ്ഥ കണ്ടെത്തിയതോടെയാണ് ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഗര്‍ഭാവസ്ഥയുടെ 34 ആഴ്ചയിലാണ് ബ്രിഗാം വിമന്‍സ് ആശുപത്രിയിലെയും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.