Connect with us

Kerala

പുലിപ്പേടിയുള്ള ഉന്നതിയില്‍ എത്തി മടങ്ങിയ തഹസില്‍ദാറുടെ വാഹനം കാട്ടാന ആക്രമിച്ചു

കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെത്തിയതായിരുന്നു ാലക്കുടി തഹസില്‍ദാര്‍

Published

|

Last Updated

തൃശൂര്‍ | ചാലക്കുടി തഹസില്‍ദാര്‍ കെ എ ജേക്കബിന്റെ വാഹനം ഇന്നലെ രാത്രി കാട്ടാന ആക്രമിച്ചു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ എത്തിയതായിരുന്നു തഹസില്‍ദാര്‍.

മടങ്ങും വഴി മലക്കപ്പാറയില്‍ വച്ചാണ് തഹസില്‍ദാറുടെ വാഹനത്തെ കാട്ടാന ആക്രമിച്ചത്. വാഹനം പിന്നില്‍ നിന്ന് എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടിമറഞ്ഞു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും വീരാന്‍കുടി ഉന്നതിയില്‍ പുലിയെത്തി.

പുലി ഭീതിയിലാണ് വീരാന്‍കുടി ഉന്നതിയിലെ ജനങ്ങള്‍. സംഭവം നടന്ന വെള്ളിയാഴ്ച വൈകീട്ട് നാല് തവണയാണ് പുലി ഉന്നതിയിലെത്തിയത്. ഷീറ്റിട്ട് മറച്ച ഷെഡുകളില്‍ താമസിക്കുന്ന ഇവിടെയുള്ളവര്‍ കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് നേരം വെളുപ്പിച്ചത്. പുലിയുടെ സാന്നിധ്യമുള്ള സാഹചര്യത്തില്‍ ശനിയാഴ്ച കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.

ഏഴ് വീട്ടുകാരാണ് ഈ ഉന്നതിയിലുള്ളത്. രണ്ട് കുടുംബങ്ങളെ കടമറ്റം ലയങ്ങളിലേക്ക് മാറ്റി. ബാക്കി അഞ്ച് കുടുംബങ്ങളെ മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിലേക്ക് താല്‍ക്കാലികമായി മാറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും രാത്രി ഏഴിനു പുലി ഉന്നതിയിലെത്തി. പുലിയെ ഓടിച്ചുവിട്ടെങ്കിലും പുലി വീണ്ടും വരുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍. മലക്കപ്പാറ വീരാന്‍കുടി ഉന്നതിയിലെ ബേബി – രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ചത്. വെള്ളി പുലര്‍ച്ചെ 2.45ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ചികിത്സയിലാണ്.

 

 

Latest