Connect with us

Cover Story

വിണ്ണിൽ തൊട്ട മണ്ണിലെ അതുല്യ താരകം

ഇച്ഛാശക്തികൊണ്ട് ശാരീരിക വെല്ലുവിളിയെ അനായാസം അതിജീവിച്ച് എളിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ അത്ഭുതങ്ങൾ രചിച്ച ആ ബാലൻ എല്ലാവരേയും നോക്കി പുഞ്ചിരി തൂകി, ബഹുമുഖ പ്രതിഭക്കുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ, ആദ്യ കൺമണിയുടെ ശാരീരിക വെല്ലുവിളികളിൽ നൊന്ത് കണ്ണീർ തൂകിയ ആ മാതാപിതാക്കളുടെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കം തെളിയുന്നുണ്ടായിരുന്നു.

Published

|

Last Updated

2025 ഡിസംബർ മൂന്ന് ബുധനാഴ്ച രാവിലെ പത്ത് മണി. ഡൽഹി വിജ്ഞാൻ ഭവനിൽ നിരവധി ബഹുമുഖപ്രതിഭകൾക്കും ബഹുമാന്യ വ്യക്തിത്വങ്ങൾക്കും ഒപ്പമിരുന്ന മലയാളിയായ പതിമൂന്നുകാരന്റെ പേര് ഉച്ചത്തിൽ മുഴങ്ങുന്നു. “മുഹമ്മദ് യാസീൻ ഫ്രം കേരള ‘…. രാഷ്ട്രപതിയുടെ അടുത്തേക്കു വീൽചെയറിൽ കൊണ്ടുവന്ന ബാലനെ കണ്ട് സദസ്സിലിരുന്നവരെല്ലാം അത്ഭുതത്തോടെയും അതിലുപരി കൗതുകത്തോടെയും നോക്കി. നിലയ്ക്കാത്ത കൈയടിപ്രവാഹത്തിൽ അവർ വിളിച്ചുപറഞ്ഞു… “വെൽഡൺ…വെൽഡൺ…’ തന്റെ ഇച്ഛാശക്തികൊണ്ട് ശാരീരികമായ വെല്ലുവിളിയെ അനായാസം അതിജീവിച്ചു എളിയ പ്രായത്തിൽ ജീവിതത്തിൽ അത്ഭുതങ്ങൾ രചിച്ച ആ ബാലൻ എല്ലാവരേയും നോക്കി പുഞ്ചിരി തൂകി…

തുടർന്ന് കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ ബഹുമുഖ പ്രതിഭകൾക്കുള്ള ശ്രേഷ്ഠ ദിവ്യാംഗ് ബാലക് പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ, ആദ്യ കൺമണിയുടെ ശാരീരിക വെല്ലുവിളികളിൽ മനംനീറി കണ്ണീർ തൂകിയ ആ മാതാപിതാക്കളുടെ കണ്ണിൽ നിന്നും ഒരിക്കൽ കൂടി ആനന്ദാശ്രുക്കൾ പൊഴിഞ്ഞു… ഒപ്പം “കൺഗ്രാജുലേഷൻ ബേട്ടാ…’ എന്ന് രാജ്യത്തിന്റെ പ്രഥമ വനിത മകനോട് പറഞ്ഞ ആ നിമിഷം ആ മാതാപിതാക്കളുടെ സന്തോഷം വാനോളം ഉയർന്ന മഹാസംഗമത്തിന് സാക്ഷിയാകുകയായിരുന്നു ആ വേദി.
രണ്ടിലൊരാളേ രക്ഷപ്പെടൂ…

സമീപവാസികളായ ആലപ്പുഴ കായംകുളം പ്രയാർ വടക്ക് എസ് എസ് മൻസിലിൽ ഷാനവാസ് – ഷൈല ദമ്പതികൾ 2010ലാണ് വിവാഹിതരായത്. രണ്ട് വർഷത്തിനു ശേഷം കാത്തിരുന്ന് ആഗ്രഹിച്ച് പിറക്കാൻ പോകുന്ന കുഞ്ഞിന്റെ പിച്ചവെച്ച നടപ്പും കളിചിരികളുമായിരുന്നു ഓരോ നിമിഷത്തിലും അവർ സ്വപ്നം കണ്ടത്. തുടർന്ന് പതിവ് പരിശോധനകളുടെ ഭാഗമായി അഞ്ചാം മാസത്തിൽ സ്‌കാനിംഗ് ചെയ്തപ്പോൾ ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ കിടപ്പ് തിരിഞ്ഞാണെന്ന വിവരം അവരറിഞ്ഞെങ്കിലും അത് അത്ര കാര്യമായെടുത്തില്ല. എന്നാൽ എട്ടാം മാസം കഴിഞ്ഞപ്പോൾ ഫ്ലൂയിഡ് കുറവായതിനെത്തുടർന്ന് ഷൈലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. തുടർന്ന് ഷാനവാസിനോട് ഡോക്ടർ ഒരു കാര്യം തുറന്നു പറഞ്ഞു,

“ഭാര്യയുടെ അവസ്ഥ അൽപ്പം പ്രയാസകരമാണെന്ന്. രണ്ടിൽ ഒരാളെ രക്ഷപ്പെടൂ. വിദഗ്ധ ചികിത്സക്കായി കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണം.’ ഇതു കേട്ട് ഷാനവാസ് പെട്ടെന്നുതന്നെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഭാര്യയെ മാറ്റി. പത്ത് മാസം തികയും മുന്പേ 2012 ഏപ്രിൽ 13ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും കുഞ്ഞിന് തൂക്കം കുറവായതിനെത്തുടർന്ന് കുഞ്ഞിന് ഇൻകുബേറ്ററിന്റെ സഹായം തേടേണ്ടി വന്നു. തുടർന്ന് ആദ്യ കൺമണിയെ കൺനിറയെ കാണാൻ കൊതിച്ച ഷാനവാസിനെ ഡോക്ടർ അടുത്തുവിളിച്ചു ആ കാര്യം പറഞ്ഞു. “കുട്ടിയുടെ കൈകാലുകൾക്ക് ചില പ്രശ്‌നങ്ങളുണ്ട്, അതു ചികിത്സയിലൂടെ ഭേദമാക്കാനാകും. വിഷമിക്കേണ്ട.’ ഇതു കേട്ട പിതാവിന്റെ മനസ്സിൽ നൊന്പരമുണ്ടായെങ്കിലും പതറാതെനിന്നു. ഭാര്യയെ ഈ വിവരം തത്കാലം അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. അവർക്ക് മറ്റ് അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായി ഡോക്ടർ രണ്ടുപേരേയും കുഞ്ഞിനെ കാണിച്ചതുമില്ല. എന്നാൽ ഷാനവാസിന്റെ ബന്ധുക്കളെ കാണിച്ചു.

ഒടുവിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ദിവസം മാതാപിതാക്കൾക്ക് വേണ്ട ആത്മധൈര്യം നൽകിയശേഷമാണ് ഡോക്ടർ അവരെ കുഞ്ഞിനെ കാണിക്കുന്നത്. ആദ്യത്തെ കൺമണിയെ അന്നാദ്യമായി കണ്ട മാതാപിതാക്കളുടെ മനസ്സ് പിടഞ്ഞെങ്കിലും നിശ്ചയദാർഢ്യത്തോടെ ആ തീരുമാനത്തിൽ അവരെത്തി. “അല്ലാഹു തന്ന നിധിയാണ് ഈ കുഞ്ഞ്… എത്ര കഷ്ടപ്പെട്ടാണെങ്കിലും അവനെ പൊന്നുപോലെ വളർത്തും…’ വിരലുകളില്ലാത്ത ഇടതു കൈയിന്റെ നീളം ആകെ മൂന്നിഞ്ച് മാത്രം. വലതുകൈ മുട്ടുവരെയുള്ളൂ. കൈകളിൽ വിരലുകളില്ല. ഒരു കാൽ പൂർണമായും ഇല്ല. ഒരു കാലിന് നീളം കുറവും വളഞ്ഞതും. വീട്ടിലേക്ക് മടങ്ങിയ ആ മാതാപിതാക്കളുടെ മനസ്സ് അതിനോടെല്ലാം പൊരുത്തപ്പെട്ടു. വളർത്തി ഉന്നതിയിലെത്തിക്കണമെന്ന നിശ്ചയ ദാർഢ്യം അവരിലുണർന്നു.

അത്ഭുതം കാണിച്ച യാസീൻ

മൂന്ന് വയസ്സ് വരെ നിവർന്നു കിടക്കുക മാത്രം ചെയ്തിരുന്ന കുട്ടിക്കു പരസഹായമില്ലാതെ കമഴ്ന്നു കിടക്കാൻ പോലും കഴിയുമായിരുന്നില്ല. എപ്പോഴും മാതാപിതാക്കളുടെ ഒക്കത്തും മടിയിലുമായിട്ടായിരിക്കും ഇരുപ്പ്. എന്നാൽ അവർ ആവശ്യത്തിനു കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തെങ്കിലും കൈകൾക്കു നീളമില്ലാത്തതിനാൽ അതെടുത്തു കളിക്കാൻ കഴിയാതിരുന്ന കുഞ്ഞിനെ കണ്ട് ആ മാതാപിതാക്കൾ ഏറെ കണ്ണീർ പൊഴിച്ചു. തലയിണ ചാരിവെച്ചു വാക്കറിൽ ഇരുത്തി നടത്താൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഒരിക്കൽ നിലത്ത് കിടത്തി അടുക്കളയിലേക്ക് പോയ മാതാവ് ഷൈല അൽപ്പസമയം കഴിഞ്ഞു മടങ്ങി വന്നപ്പോൾ മകനെ കാണാനില്ലായിരുന്നു. ആകെ പരിഭ്രമിച്ച അവർ മകനെ പിന്നെ കാണുന്നത് നിരങ്ങി അടുത്ത മുറിയിലെ കളിപ്പാട്ടത്തിനരികെ ഇരിക്കുന്നതായിട്ടാണ്. അതു കണ്ട ആ മാതൃമനസ്സിൽ അതിരുകളില്ലാത്ത ആഹ്ലാദത്താൽ അവനെ കെട്ടിപ്പിടിച്ചു ഏറെ കരഞ്ഞു, മുത്തം നൽകി.

ഇടക്കിടക്കു ഉമ്മ, വാപ്പ തുടങ്ങിയ ഏതാനും വാക്കുകൾ പറയുന്നതൊഴിച്ചാൽ ആർക്കും വ്യക്തമാകാത്ത മറ്റെന്തൊക്കെയോ ആയിരുന്നു യാസീൻ പറഞ്ഞിരുന്നത്. ഇതിനിടയിൽ വളഞ്ഞ കാലിൽ പെൻസിൽ ചേർത്തുപിടിച്ചു ചിത്രങ്ങൾ വരക്കുന്നതും പാട്ട് കേൾക്കുമ്പോൾ കൈകൾ കൊണ്ടു താളം പിടിച്ചു ആനന്ദം കണ്ടെത്തുന്നതും മാതാപിതാക്കൾ ശ്രദ്ധിച്ചു. അന്നാദ്യമായി പിതാവ് ഷാനവാസ് ഒരു കാര്യം തിരിച്ചറിഞ്ഞു. ഭിന്നശേഷിക്കാരനായിട്ടാണ് മകൻ ജനിച്ചതെങ്കിലും ആർക്കും ഇല്ലാത്ത ചില അപൂർവമായ കഴിവുകൾ മകനിൽ കുടികൊള്ളുന്നതായും അത് എങ്ങനെയും പരിപോഷിപ്പിക്കണമെന്നുമായിരുന്നു. അങ്ങനെ ഒരു ചെറിയ കീബോർഡ് വാങ്ങി അവനു നൽകി. അതിൽ മൂന്ന് മണിക്കൂർ കൊണ്ട് ദേശീയഗാനം വായിക്കാൻ കഴിഞ്ഞ യാസീന്റെ ജൈത്രയാത്ര തന്നെയായിരുന്നു പിന്നീട് കണ്ടത്.

ഒരു ഓണക്കാലത്ത് വീടിനു സമീപത്തെ പുരയിടത്തിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതറിഞ്ഞ് അവിടെ പോകണമെന്നു ശാഠ്യം പിടിച്ച യാസീനെ മാതാവ് ഒക്കത്തുവെച്ചു കൊണ്ടുപോയി. പിന്നീട് സ്‌റ്റേജിൽ കയറി കീ ബോർഡ് വായിക്കണമന്ന നിർബന്ധമായിരുന്നു. യാതൊരു ഭയവും സങ്കോചവുമില്ലാതെ അന്ന് സ്റ്റേജിൽ കീബോർഡ് വായിച്ചത് വലിയ വാർത്തയായി നാട്ടിൽ പരന്നു. അതോടെ നാട്ടിൻപുറത്ത് ഒരു ഹീറോയായി യാസീൻ മാറുകയായിരുന്നു. ഇതിനിടയിൽ പിതാവ് ഷാനവാസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഓഫീസർ ഒരു വലിയ കീബോർഡ് വാങ്ങി സമ്മാനിച്ചതോടെ മകന്റെ കലാവാസന പരിപോഷിപ്പിക്കാൻ അത് ഏറെ സഹായകമായി. കൊവിഡ് കാലത്തെ വിരക്തി ഒഴിവാക്കാൻ “യാസീൻ ദ് റിയൽ ഫൈറ്റർ’ എന്ന യുട്യൂബ് ചാനൽ തുടങ്ങിയത് മറ്റൊരു തലത്തിലേക്കുള്ള വഴിമാറലായിരുന്നു.

വിരലുകളില്ലാത്ത നാമമാത്രമായ കൈകൊണ്ട് കീബോർഡിൽ അത്ഭുതങ്ങൾ തീർക്കുന്ന യാസീനെ കണ്ട് ചാനലുകാരുടെ വിളികളുടെ പ്രവാഹമായിരുന്നു പിന്നീട്. തുടർന്ന് ഒട്ടേറെ ചാനലുകളിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞ യാസീൻ മിമിക്രി, ഡാൻസ് , ചിത്രരചന, കഥാരചന തുടങ്ങിയ ഒട്ടേറെ കലാ മേഖലകളിലും തിളങ്ങി. ഒപ്പം പുരസ്‌കാരങ്ങൾ ഒന്നൊന്നായി യാസീനെ തേടിയെത്തിത്തുടങ്ങി. സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ – ചലച്ചിത്ര മേഖലകളിലെ ഒട്ടേറെ പ്രമുഖ വ്യക്തികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാനും ഈ ബഹുമുഖ പ്രതിഭക്ക് അവസരം ലഭിച്ചു. യാസീനെ നോക്കി നടൻ മമ്മൂട്ടി അത്ഭുതപ്രതിഭാസം എന്നാണ് ഒരിക്കൽ പറഞ്ഞത്.
ഇക്കാലത്തിനിടയിൽ യാസീന് ഒരു കൊച്ചനുജനും ജനിച്ചിരുന്നു – അൽഅമീൻ. യാസീനെപ്പോലെ അമീനും ഡാൻസ്, മിമിക്രി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുന്ന ഒരു മികച്ച കലാകാരനാണ്. പെരിന്തൽമണ്ണയിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി പന്തെറിഞ്ഞത് ജീവിതത്തിലെ അനർഘ നിമിഷമായിട്ടാണ് യാസീൻ കാണുന്നത്.

അംഗീകാരങ്ങൾ ഏറെ

13 വയസ്സിനിടയിൽ മുന്നൂറിൽപ്പരം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞ യാസീന് രണ്ട് ദേശീയ അവാർഡുകളും നാല് സംസ്ഥാന അവാർഡുകളും മൂന്ന് ടെലിവിഷൻ അവാർഡുകളും ലഭിച്ചിട്ടുണ്ട്. സ്വന്തം ഇച്ഛാശക്തികൊണ്ട് അത്ഭുതങ്ങൾ തീർത്ത യാസീന് കൈരളി ചാനലും മമ്മൂട്ടിയും ചേർന്നു നടത്തിയ ഒരു പരിപാടിക്ക് ലഭിച്ച സമ്മാനത്തുകയായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരികെ നൽകിയ സംഭവവുമുണ്ടായി. ഭാരത സർക്കാർ 18 വയസ്സിന് താഴെയുള്ള ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ശ്രേഷ്ഠ ദിവ്യാംഗ്ബാൽ പുരസ്‌കാരവും ഇക്കഴിഞ്ഞ ഡിസംബറിൽ ഏറ്റുവാങ്ങാനായി. സംസ്ഥാന സർക്കാറിന്റെ 2025ലെ മികച്ച ബഹുമുഖ പ്രതിഭകൾക്കുള്ള സർഗാത്മക ബാല്യത്തിനുള്ള പുരസ്‌കാരവും യാസീനാണ്. 2023ൽ കണ്ണുകൾ കെട്ടി കീ ബോർഡ് വായിച്ചതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് നേടിയ യാസീൻ 2024ലെ കേരളാ സാമൂഹികനീതി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരവും നേടി.

സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഫോക്്ലോർ അക്കാദമിയുടെ “സമം 2025 അവാർഡി’നും യാസീനെയാണ് തിരഞ്ഞെടുത്തത്. അങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് യാസീനെ തേടിയെത്തിയതെങ്കിലും നിലംപൊത്താറായ ചെറിയ വീടിനുള്ളിൽ അവ വെക്കാൻ ഇടമില്ലാതെ പലതും നിലത്താണ് വെച്ചിരിക്കുന്നത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവിനോടൊപ്പം കിടപ്പുരോഗിയായ പിതാവിന്റെ ഉമ്മയുമായി തകർന്നു വീഴാറായ ഇരുമുറി വീട്ടിൽ കഴിയുന്ന ഇവരിൽ ഭേദപ്പെട്ട ഒരു വീടെന്ന സ്വപ്നവും അവശേഷിക്കുന്നുണ്ട്. മിടുക്കനായ യാസീൻ പ്രയാർ ആർ വി എസ് എം ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ്സിലാണ് ഇപ്പോൾ പഠിക്കുന്നത്. ഒരു ശാസ്ത്രജ്ഞനാകണമെന്ന മോഹമായിരുന്നു ആദ്യകാലങ്ങളിൽ അവനുണ്ടായിരുന്നത്. എന്നാൽ അതോടൊപ്പം ഒരു ഐ ടി പ്രഫഷണലും ലോകം അറിയപ്പെടുന്ന കീബോർഡ് വായനക്കാരനുമാകണമെന്ന അടങ്ങാത്ത ആഗ്രഹമാണ് മനസ്സിൽ ഇപ്പോൾ താലോലിക്കുന്നത്.

ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കിയ മാതാവ് ഷൈല തന്റെ സ്‌കൂട്ടറിലാണ് മദ്റസയിലും സ്‌കൂളിലും യാസീനെ കൊണ്ടുപോകുന്നത്. കൈത്താങ്ങായി ഇളയമകൻ അൽഅമീനും ഒപ്പമുണ്ടാകും. താടിയിൽ ബുക്കു ചേർത്തുവെച്ച് പേനകൊണ്ട് അതിൽ എഴുതുകയും ചിത്രം വരക്കുകയും ചെയ്യുന്ന യാസീന് സ്‌കൂളിൽ വെച്ച്് അധ്യാപകരാണ് ഭക്ഷണം വാരിക്കൊടുക്കുന്നത്. അവരുടെ സഹകരണവും പ്രേരണയും തന്നിലെ കലാവളർച്ചക്ക് സഹായകമായെന്നും യാസീൻ പറയുന്നു. സംഗീതം പഠിക്കാത്ത യാസീൻ നന്നായി സംഗീതോപകരണം വായിക്കുന്നു. ഗുരുക്കന്മാരില്ലാതെ തന്നെ നന്നായി ഡാൻസ് ചെയ്യുന്നു. മറ്റു കലാവാസനകൾ പ്രകടിപ്പിക്കുമ്പോഴും അതിന്റെ പിന്നിലും അവന് താങ്ങും തണലുമായി നിന്നത് മാതാപിതാക്കളായ ഷാനവാസും ഷൈലയുമാണ്. അവനോരോ പടവുകൾ കയറുന്പോഴും അഭിമാനത്തോടെ തെല്ലൊന്നു ഗമയോടെ കൈത്താങ്ങായി ആ മാതാപിതാക്കൾ ഒപ്പമുണ്ട്. ഇന്നവർ ഏറെ സന്തോഷിക്കുന്നു, നാട് ചർച്ച ചെയ്യുന്ന പേരുകളിലൊന്ന്, ചേർത്തുപിടിച്ചില്ലെങ്കിൽ നാല് ചുമരുകൾക്കിടയിൽ ഒതുങ്ങിപ്പോകാവുന്ന യാസീൻ എന്ന സ്വന്തം മകന്റേതായതിൽ. അവൻ മുന്നേറുകയാണ്, മണ്ണിൽ വിരിഞ്ഞ് വിണ്ണിലെ താരമായി മാറാൻ, തന്റെ കഴിവുകൾ ഊർജസ്വലമായി ഉപയോഗിച്ച് ഇച്ഛാശക്തികൊണ്ട് ലോകത്തിന്റെ ഉന്നതിയിലേക്ക്് കുതിക്കുകയാണ്.

 

.

---- facebook comment plugin here -----

Latest