Connect with us

Kerala

ക്രൈംബ്രാഞ്ചിന് തിരിച്ചടി; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി മൊഴിമാറ്റി

സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

Published

|

Last Updated

കൊച്ചി |  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് പ്രശാന്ത് മാറ്റിയത്. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പ്രകാശ് ആത്മഹത്യ ചെയ്യും മുമ്പാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതെന്നും പ്രശാന്ത് മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് പ്രശാന്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇപ്പോള്‍ പുതുതായി മൊഴി നല്‍
കിയിരിക്കുന്നത്.

അതേസമയം, പ്രശാന്ത് മൊഴി മാറ്റിയാലും കേസിനെ ബാധിക്കില്ലെന്നും തെളിവുകള്‍ കൈവശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് വിശദീകരണം. പ്രതികളെ കണ്ടെത്താത്തതിനാല്‍ പോലീസ് ഏറെ പഴികേട്ട കേസായിരുന്നു ഇത്.

തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തില്‍ ആര്‍ എസ് എസുകാരനായ ഈയിടെ ആത്മഹത്യചെയ്ത തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. സഹോദരന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് കത്തിച്ചത് എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍.
2018 ഒക്ടോബര്‍ 27 ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു.

 

---- facebook comment plugin here -----

Latest