Connect with us

National

കര്‍ണാടകയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട്; ഡോക്ടറെ പിരിച്ചുവിട്ടു

സര്‍ക്കാര്‍ ആശുപത്രി നിലനില്‍ക്കുന്നത് ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണെന്നും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല എന്നും ആരോഗ്യമന്ത്രി

Published

|

Last Updated

ബെംഗളുരു|കര്‍ണാടകയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍വച്ച് പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തി യുവ ഡോക്ടര്‍. സംഭവത്തില്‍ ഡോക്ടറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഭരമസാഗര്‍ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന അഭിഷേക് എന്ന ഡോക്ടറെയാണ് പുറത്താക്കിയത്.

ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമാകുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായത്.

ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു എക്‌സ്പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രി നിലനില്‍ക്കുന്നത് ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണെന്നും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല എന്നും മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാവില്ലെന്നും ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി അവരുടെ ചുമതലകള്‍ നിര്‍വഹിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.