National
ഇരുചക്ര വാഹനങ്ങളില്‍ ഒമ്പത് മാസം പ്രായമായ കുട്ടിക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി | ഇരുചക്ര വാഹനങ്ങളില്‍ ചെറിയ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു. ഒമ്പത് മാസം മുതല്‍ നാലു വയസ് വരെയുള്ള കുട്ടികളും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ളതാണ് പുതിയ കേന്ദ്ര ഗതാഗത നിയമം. ബി ഐ എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് ആണ് കുട്ടികള്‍ക്കും നിര്‍ബന്ധമാക്കുന്നത്. കുട്ടികളുമായുള്ള ഇരുചക്ര വാഹനങ്ങളുടെ വേഗം 40 കിലോമീറ്ററില്‍ കൂടരുതെന്നും നിയമം അനുശാസിക്കുന്നു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി.
വാഹനം ഓടിക്കുന്ന ആളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കും. നാല് വയസിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോഴാണ് ഈ നിബന്ധനകള്‍. സൈക്കിള്‍ സവാരിക്കുള്ള ഹെല്‍മറ്റും നിര്‍ബന്ധമാക്കും. സുരക്ഷാ ഹാര്‍നെസ് എന്നത് കുട്ടി ധരിക്കേണ്ട ഒരു വസ്ത്രമാണ്. അത് ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കേണ്ട ലൂപ്പുകളും ഉപയോഗിച്ച് ക്രമീകരിക്കാവുന്നതായിരിക്കണം. അങ്ങനെ കുട്ടിയുടെ മുകള്‍ഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കും.
വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കരട് നിയമങ്ങളില്‍ എതിര്‍പ്പുകളും നിര്‍ദേശങ്ങളും ഉണ്ടെങ്കില്‍ അറിയാക്കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു.