Connect with us

National

2022 ലും മാസ്‌ക് ധരിക്കേണ്ടിവരുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്സീന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്‌

Published

|

Last Updated

ന്യൂഡല്‍ഹി| ഫലപ്രദമായ മരുന്നുകള്‍, വാക്‌സീനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടതെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. 2022ലും മാസ്‌ക് ധരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം തള്ളിക്കളയാനാകില്ല. രാജ്യം അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് വി.കെ. പോള്‍ പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്സീന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കളോട് വാക്‌സിനെടുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാല്‍ കുട്ടികളിലേക്ക് വൈറസ് പടരുന്നത് തടയാന്‍ സാധിക്കുമെന്നും വി.കെ പോള്‍ പറഞ്ഞു.