Connect with us

Aksharam Education

കോശമെന്ന ജീവകണം

ഘടനാപരമായും ധർമപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.

Published

|

Last Updated

മ്മുടെ ശരീരത്തെ ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഘടനകളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഏതാണ്ട് നൂറ് ലക്ഷംകോടി അതിസൂക്ഷ്മ കോശങ്ങളാലാണ് അതു നിർമിതമായിരിക്കുന്നത്. ഘടനാപരമായും ധർമപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം.

ചെറിയ മുറി എന്ന അർഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് സൈറ്റോളജി (കോശവിജ്ഞാനീയം). ആകൃതിയിലും ധർമത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുണ്ടെങ്കിലും നമ്മുടെ ശരീരത്തിലെ കോശങ്ങൾ അതിസങ്കീർണമായ വിധത്തിൽ പരസ്പരബന്ധിതമായാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാനപരമായി ജീവകോശങ്ങളെ രണ്ടായി തിരിക്കാം.

കോശമർമം ഉള്ളവയും ഇല്ലാത്തവയും. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശങ്ങളിൽ മർമം ഉണ്ട്. എന്നാൽ, ബാക്ടീരിയ കോശങ്ങളിൽ മർമം ഇല്ല. മർമം ഉള്ള കോശങ്ങളെ യൂകാരിയോട്ടിക് (സമർമക കോശം) എന്നും മർമം ഇല്ലാത്തവയെ പ്രോകാരിയോട്ടിക് (അമർമക കോശം) എന്നും വിളിക്കുന്നു. ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ഏകകോശ ജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവ ബഹുകോശ ജീവികളെന്നും (ഉദാ- മനുഷ്യൻ) അറിയപ്പെടുന്നു.

റോബർട്ട് ഹുക്ക്

ലളിതമായ മൈക്രോസ്‌കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് റോബർട്ട് ഹുക്ക് എന്ന ശാസ്ത്രജ്ഞനാണ്. കോർക്കിന്റെ ഛേദം മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ കണ്ട ചെറിയ അറകളെ അദ്ദേഹം സെൽ (കോശം) എന്ന് വിളിച്ചു.

കോശ സിദ്ധാന്തം

വിവിധ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി എം ജെ ഷ്‌ലീഡനും തിയോഡർ ഷ്വാനും ചേർന്ന് രൂപപ്പെടുത്തിയ സിദ്ധാന്തമാണ് കോശ സിദ്ധാന്തം. രണ്ട് ആശയങ്ങളാണ് ഇതു മുന്നോട്ടു വെച്ചത് 1. എല്ലാ ശരീരവും കോശനിർമിതമാണ് 2. ജീവികളുടെ ഘടനാപരവും ജീവധർമപരവുമായ അടിസ്ഥാന ഘടകങ്ങളാണ് കോശങ്ങൾ.

ജീവദ്രവ്യവും കോശദ്രവ്യവും

കോശസ്തരത്തിനുള്ളിലെ എല്ലാ പദാർഥങ്ങളെയും ചേർത്ത് ജീവദ്രവ്യം (പ്രോട്ടോപ്ലാസം) എന്ന് പറയുന്നു. ജീവദ്രവ്യത്തിൽ മർമം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം (സൈറ്റോപ്ലാസം). ജീവപ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ ഘടകങ്ങളും കോശദ്രവ്യത്തിൽ അടങ്ങിയിട്ടുണ്ട്. ജീവധർമങ്ങളുടെ നിർവഹണത്തിനായി കോശദ്രവ്യത്തിൽ കാണപ്പെടുന്ന സവിശേഷ ഘടകങ്ങളാണ് കോശാംഗങ്ങൾ.

കോശാംഗങ്ങൾ

കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. റൈബോസോം, മൈറ്റോകോൺട്രിയ, എൻഡോപ്ലാസ്മിക് റെട്ടിക്കുലം, ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), ലൈസോസോം, ഗോൾഗി വസ്തുക്കൾ, ഫേനങ്ങൾ എന്നിങ്ങനെ കോശാംഗങ്ങൾ വിവിധ തരത്തിലുണ്ട്.

മൈറ്റോകോൺട്രിയോൺ

കോശത്തിലെ ഊർജ നിലയം അല്ലെങ്കിൽ പവർഹൗസ് എന്നറിയപ്പെടുന്നു. ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു. ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോർ, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു

എൻഡോപ്ലാസ്മിക് റെറ്റിക്കുലം

പദാർഥ സംവഹനം നടക്കുന്നതിനാൽ കോശത്തിനുള്ളിലെ സഞ്ചാരപാതയാണിത്. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു.

റൈബോസോം

കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം എന്നറിയപ്പെടുന്നു. എൻഡോപ്ലാസ്റ്റിക് റെറ്റിക്കുലത്തോട് ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു.

സെൻട്രോസോം

കോശവിഭജനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന കോശാംഗമാണ് കോശമധ്യത്തിൽ കാണപ്പെടുന്ന സെൻട്രോസോം.

സൈറ്റോസ്‌കെൽടൺ

കോശത്തിന് ഘടനാപരമായ ദൃഢതയും ബലവും നൽകുന്നത് സൈറ്റോപ്ലാസ്മിക്സ്‌കെൽടണാണ്.

ഗോൾഗി വസ്തുക്കൾ

രാസാഗ്‌നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്തര സഞ്ചികളിലാക്കുന്നത് ഗോൾഗി വസ്തുക്കളാണ്. ഗ്രന്ഥീകോശങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ഫേനം

ടോണോപ്ലാസ്റ്റ് എന്ന സവിശേഷ സ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നു.

കോശവിഭജനം

ഒരു കോശം രണ്ടായി വിഭജിക്കുന്ന പ്രക്രിയയാണ് കോശവിഭജനം. ഇത് രണ്ട് തരത്തിലുണ്ട്. ക്രമഭംഗവും ഊനഭംഗവും (മൈറ്റോസിസ്, മിയോസിസ്). ഒരു കോശത്തിൽ നിന്ന് അതിലുള്ളത്ര ക്രോമസോം സംഖ്യയോടുകൂടി പുതിയ രണ്ട് പുത്രികാ കോശങ്ങളുണ്ടാകുന്നു എങ്കിൽ അത്തരം കോശവിഭജനമാണ് ക്രമഭംഗം (മൈറ്റോസിസ്). എന്നാൽ, മാതൃകോശത്തിലുള്ളതിന്റെ പകുതി ക്രോമസോം എണ്ണം മാത്രമുള്ള പുത്രികാകോശങ്ങളെ രൂപപ്പെടുത്തുന്ന കോശവിഭജനമാണ് ഊനഭംഗം (മിയോസിസ്). ഊനഭംഗം വഴിയാണ് ബീജകോശങ്ങൾ രൂപപ്പെടുന്നത്.