യാത്ര
സമാനതകളില്ലാത്ത സൗന്ദര്യ ഭൂമി
വൃത്തിയിലും വെടിപ്പിലും പൊലൂഷൻ കൺട്രോളിലും ലോകത്തെ രണ്ടാം സ്ഥാനമാണത്രെ ബ്രൂണെയുടേത്. എവിടെയും കശപിശയോ നിയമ പാലകരുടെ അമിത നിയന്ത്രണമോ കണ്ടില്ല. എല്ലാം ശാന്തം.
ബ്രൂണെയെന്ന് കേട്ടുതുടങ്ങിയ കാലംമുതൽ മനസ്സിലുദിച്ച മോഹമാണ് അവിടം ഒന്ന് കണ്ടാൽ തരക്കേടില്ലെന്ന്. അതത്ര എളുപ്പമല്ലെന്ന് അറിയാമെങ്കിലും ആഗ്രഹത്തിന് പിന്നീട് ശക്തി കൂടി വന്നു. പടച്ചവന്റെ കൃപയാൽ ഈ വർഷം ആദ്യത്തിൽ അതിനവസരം വന്നെത്തി. 2025 ജനുവരി 19ന് രാത്രി ബ്രൂണെ ദാറുസ്സലാം ലക്ഷ്യം വെച്ച് കൊച്ചിയിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ യാത്ര തിരിച്ചു. പുലർച്ചെ മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിൽ ഇറങ്ങി. തുടർന്ന് ഉച്ചതിരിഞ്ഞ് മറ്റൊരു എയർ ഏഷ്യാ വിമാനത്തിൽ ബ്രൂണെ തലസ്ഥാനമായ ബന്ദർസെരി ബഗാവൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഇറങ്ങുകയും ചെയ്തു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് ബ്രൂണെ. നൂറ്റാണ്ടുകളായി രാജഭരണം നിലനിൽക്കുന്ന രാജ്യമാണിത്. 1987ൽ ബ്രിട്ടനിൽനിന്നും പൂർണ സ്വാതന്ത്ര്യം നേടി. 1967മുതൽ സുൽത്താൻ ഹസൻ അൽ ബൊൽകിയയാണ് രാജ്യം ഭരിക്കുന്നത്. അൽ മുഹ്തദീ ബില്ലാഹ് ആണ് കിരീടാവകാശി. അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് ബ്രൂണെയിൽ അധിവസിക്കുന്നത്. മലായ് ഭാഷയാണ് ഇവിടെ.
ബ്രൂണെയെക്കുറിച്ച് പറയുന്നവർക്ക് ആയിരം നാവാണ്. പ്രൗഢിയും പ്രതാപവും നിലനിൽക്കുന്ന ചെറിയൊരു നാട്. ആഡംബരത്തിന്റെ അവസാന വാക്കാണ് ബ്രൂണെ. ബ്രൂണെയുടെ സൗന്ദര്യം കണ്ട് ആദ്യ ദിനങ്ങളിൽത്തന്നെ അതിനെപ്പറ്റി എഴുതണമെന്ന് കരുതി. കുറിപ്പിനോടൊപ്പം ഏതാനും ഫോട്ടോയും വീഡിയോയും ചേർക്കാമെന്ന് ഉദ്ദേശിച്ച് അവ എടുക്കാൻ തുടങ്ങിയെങ്കിലും ഇടക്ക് വെച്ച് അത് നിർത്തേണ്ടി വന്നു. കാരണം മറ്റൊന്നുമല്ല. എവിടെത്തിരിഞ്ഞാലും ഭംഗിയും വെടിപ്പുമുള്ള സ്ഥലങ്ങൾ. വൃത്തിയുള്ള റോഡുകൾ. അംബരചുംബികളായ ബിൽഡിംഗുകൾ കാണാനില്ലെങ്കിലും ഉള്ള ബിൽഡിംഗുകൾ സൗന്ദര്യങ്ങളാൽ മുഖരിതമാണ്.
വൃത്തിഹീനമായ ഒന്നും ബ്രൂണെയിലെവിടെയും കണ്ടില്ലെന്ന് പറയാം. വൃത്തിയിലും വെടിപ്പിലും പൊലൂഷൻ കൺട്രോളിലും ലോകത്തെ രണ്ടാം സ്ഥാനമാണത്രെ ബ്രൂണെയുടേത്. എവിടെയും കശപിശയോ നിയമ പാലകരുടെ അമിത നിയന്ത്രണമോ കണ്ടില്ല. എല്ലാം ശാന്തം. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ കാറുകളിൽ മാത്രം. എണ്ണകൊണ്ട് സമ്പൽസമൃദ്ധമായ ബ്രൂണെ ദാറുസ്സലാം പൂർണമായും സുൽത്താൻ ഹസനുൽ ബുൽക്കിയയുടെ നിയന്ത്രണത്തിലാണ്. പ്രജകളുടെ ജീവിതോപാധിയിൽ ശ്രദ്ധാലുവായ ഹസനുൽ ബുൽക്കിയ ജനങ്ങൾക്ക് സമാധാനത്തോടെയുള്ള ജീവിതം ഉറപ്പു നൽകുന്നു. കള്ളും കഞ്ചാവുമെന്നല്ല, പുകവലി പോലും കർശനമായി നിരോധിച്ച നാടാണ് ബ്രൂണെ.
അക്രമങ്ങളോ അരാചകത്വമോ ഇവിടെ അപൂർവമാണ്. അഥവാ വല്ലതും സംഭവിച്ചാൽ കഠിനശിക്ഷയും. ഇവിടെ എവിടെയും പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നത് അല്ലാഹുവിന്റെ ഭവനമായ മസ്ജിദാണ്. ഭംഗികൊണ്ട് സമ്പുഷ്ടമായ മസ്ജിദുകൾ ബ്രൂണെയുടെ സൗന്ദര്യമുഖമാണ്. കണ്ടവർ വീണ്ടുംവീണ്ടും കാണാൻ കൊതിക്കുന്ന നാടാണ് ബ്രൂണെ ദാറുസ്സലാം.
യാത്രയിലുടനീളം ചരിത്രാവതരണവും ഔറാദുകളും ദുആകളും നിറഞ്ഞുനിന്നു. ബ്രൂണെ എന്ന നാട് കാണാനും അനുഭവിക്കാനും കഴിഞ്ഞതിൽ എല്ലാവരും നാഥനെ സ്തുതിച്ചുകൊണ്ടിരുന്നു. പ്രധാന മസ്ജിദുകളൊക്കെ യാത്രയിൽ സന്ദർശിക്കാനും അവിടങ്ങളിൽ സുജൂദ് ചെയ്യാനുമായത് വലിയ ഭാഗ്യം. ബ്രൂണെ സുൽത്താൻ അധികാരശ്രേണിയിലിരിക്കുമ്പോഴും മതകാര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത് എന്നതിന് ധാരാളം അടയാളങ്ങൾ കാണാം. അതിലേറ്റവും വലുത് മ്യൂസിയമാണ്. സുൽത്താൻ ഹാജി ഹസനുൽ ബുൽക്കിയ മ്യൂസിയം. ആദ്യ ദിവസം മറ്റൊരു മ്യൂസിയം ദർശിച്ചിരുന്നു. അത് കാര്യമായും രാജകുടുംബവും ഭരണ കാര്യങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയമായിരുന്നു.
ഹസനുൽ ബുൽകിയ മ്യൂസിയം കണ്ടതിൽ വെച്ചേറ്റവും വലിയ ഇസ്്ലാമിക് മ്യൂസിയമാണെന്ന് തോന്നി. നിരവധി ആസാറുകളാണ് അവിടെ സൂക്ഷിച്ചിട്ടുള്ളത്. റസൂലുല്ലാന്റെ ശഅറ് മുബാറകിന് ഈ മ്യൂസിയത്തിൽ വലിയ സ്ഥാനമാണ് നൽകിയത്. എത്രയോ ഭംഗിയിലും പ്രൗഢിയിലുമാണ് ഇത് സംവിധാനിച്ചത്. കൂടാതെ ഹസ്രത്ത് അബൂബക്കർ സിദ്ദീഖ്(റ), അലി(റ), ഹസൻ (റ), ഹുസൈൻ (റ) തുടങ്ങിയവരുടെയൊക്കെ ശഅറുകളും ഇവിടെ ദർശിക്കാനാകും. കൂടാതെ ലോകത്തെ എല്ലാ ലിപികളിലുമുള്ള ഖുർ ആൻ കൈയെഴുത്ത് പ്രതികളും മുസ്ഹഫുകളും മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്. ഫിഖ്ഹിന്റെയും തസവ്വുഫിന്റെതുമടക്കം പ്രധാന കിതാബുകളും സൂക്ഷിച്ചിട്ടുണ്ട്. കഅബയുടെ വലിയ ഖില്ലയും റൗളാശരീഫിലെ വിരിപ്പും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
യാത്രയിൽ പ്രധാനപ്പെട്ട ഏതാനും മഖ്ബറകൾ സിയാറത്ത് ചെയ്യാനായി. ഒരു ദിനം ബ്രൂണെയിലെ ഒരു പണ്ഡിതന്റെ വീട്ടിൽ മൗലിദ് പാരായണവും ദഫ് മുട്ടും കണ്ട് ആത്മനിർവൃതിയടഞ്ഞു. നഗരത്തിന് ഓരം ചേർന്നുള്ള തടാകത്തിലെ ബോട്ട് യാത്ര ഹൃദയഹാരിയായി. സമ്പന്നതയുടെ തുടിപ്പിലും ആത്മീയസരണി ബ്രൂണെയുടെ സവിശേഷതയാണ്.
എണ്ണയുത്പാദനമാണ് ഈ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് സുൽത്താൻ ഹസൻ അൽ ബോൽകിയ. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാറുകളുടെ ശേഖരണം ബ്രൂണെ സുൽത്താന്റെതാണ്. ജുമുഅ നിസ്‌കാരത്തിന് വിവിധ മസ്ജിദുകൾ മാറി മാറിയാണ് അദ്ദേഹമെത്തുക. ഇത് അദ്ദേഹത്തെ കാണാൻ സാധാരണക്കാർക്കും അവസരമാകും. റബീഉൽ അവ്വലിൽ നടക്കുന്ന നബിദിന റാലിയിൽ സാധാരണക്കാരോടൊപ്പം അദ്ദേഹം അണിചേരും.





