Connect with us

kerala curriculum reformation

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഒളിയജന്‍ഡ

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ പുരോഗമനാത്മകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ അടങ്ങിയിട്ടുണ്ട്. അതിനൊപ്പം മതവിശ്വാസങ്ങളെയും ധാര്‍മികതയെയും സദാചാര ചിന്തയെയും ബാധിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി കടത്തിക്കൂട്ടിയത് അംഗീകരിക്കാവതല്ല.

Published

|

Last Updated

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണ ചട്ടക്കൂട് സംബന്ധമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപവത്കരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനകം നടന്ന ചര്‍ച്ചകളില്‍ പരിഷ്‌കരണ ചട്ടക്കൂടിലെ ലിംഗസമത്വം പോലുള്ള ചില ഫോക്കസ് പോയിന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. ലിംഗസമത്വമെന്ന പേരില്‍ ജെന്‍ഡര്‍ ന്യൂട്രല്‍, ലിബറല്‍ ആശയങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനും സ്വവര്‍ഗ ലൈംഗികതയെയും മറ്റും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പരിഷ്‌കരണ ചട്ടക്കൂട് കരടിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും.

സ്‌പോര്‍ട്‌സ് മേഖലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍ എന്ന രീതി ഒഴിവാക്കി ഒരേ ടീമില്‍ തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു കളിക്കണം, ടോയ്‌ലറ്റുകള്‍ ആണിനും പെണ്ണിനും വെവ്വേറെയെന്ന സമ്പ്രദായത്തിനു പകരം എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന തരത്തിലേക്ക് സംവിധാനിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ഇത്തരത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്കും കേരളീയ സാഹചര്യങ്ങള്‍ക്കും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷത്തിനും നിരക്കാത്ത പല നിര്‍ദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. 2007ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് മതനിരാസത്തെയും യുക്തിവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പാഠ്യപദ്ധതി നടപ്പാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. “മതമില്ലാത്ത ജീവന്‍’ പാഠഭാഗമാക്കി കേരളത്തിന്റെ ബഹുസ്വരതക്ക് നിരക്കാത്ത വിധം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച അന്നത്തെ അതേ സമീപനം തന്നെയാണ് നിലവിലെ ഇടത് സര്‍ക്കാറും പിന്തുടരുന്നത്.

വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. സാക്ഷരതയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനം ചടുലമായ മുന്നേറ്റമാണ് വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം വീണ്ടും ഒന്നാം ശ്രേണിയിലാണ്. വിജ്ഞാന സമ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം, ജനപങ്കാളിത്തം, ഭരണപ്രക്രിയ എന്നിവയിലെല്ലാം മുന്നിലാണ്. ഇക്കാലമത്രയും കേരളീയ ജനത തുടര്‍ന്നു വന്ന സാമൂഹിക വ്യവസ്ഥിതിക്കുള്ളിലും സാംസ്‌കാരികാന്തരീക്ഷത്തിലുമാണ് സംസ്ഥാനം വിദ്യാഭ്യാസ രംഗത്തെ ഈ മുന്നേറ്റം കൈവരിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറിട്ട് വെവ്വേറെ ബഞ്ചുകളില്‍ ഇരുന്നതോ, ഓരോ വിഭാഗവും പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിച്ചതോ അവരുടെ വിദ്യാഭ്യാസ വളര്‍ച്ചക്കോ ഉയര്‍ച്ചക്കോ തടസ്സമായിട്ടില്ല. പിന്നെയെന്തിനാണ് ലിംഗ സമത്വത്തിന്റെ പേരില്‍ കേരളീയ സാഹചര്യങ്ങള്‍ക്കും ബഹുഭൂരിഭാഗം ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും നിരക്കാത്ത കുറേ ആശയങ്ങള്‍ പാഠ്യപദ്ധതി ചട്ടക്കൂടില്‍ ഉള്‍ക്കൊള്ളിക്കുന്നത്?

കാലത്തിന്റെ പ്രയാണത്തിനും പുതിയ തലമുറയുടെ മാനസികമായ വളര്‍ച്ചക്കും അനുസൃതമായി പാഠ്യപദ്ധതിയില്‍ മാറ്റങ്ങളും പരിഷ്‌കരണങ്ങളും ആവശ്യമാണെന്നതില്‍ രണ്ടഭിപ്രായമില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ പുരോഗമനാത്മകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ അടങ്ങിയിട്ടുമുണ്ട്. അതിനൊപ്പം മതവിശ്വാസങ്ങളെയും ധാര്‍മികതയെയും സദാചാര ചിന്തയെയും ബാധിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി കടത്തിക്കൂട്ടിയത് അംഗീകരിക്കാവതല്ല. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം, ലിംഗസമത്വം, ലിംഗാവബോധം തുടങ്ങിയ ആശയങ്ങള്‍ക്ക് എന്ത് പങ്കാണുള്ളത്? ലിംഗപരമായി സ്ത്രീയെയും പുരുഷനെയും വ്യത്യസ്തമായി കാണുന്ന സാമൂഹിക വീക്ഷണം വിദ്യാഭ്യാസ വളര്‍ച്ചക്ക് തടസ്സമാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് പറയാനാകുമോ?

ലിംഗനീതി ആവശ്യമാണ്. ജീവിക്കാനും സമ്പാദിക്കാനും വിദ്യ അഭ്യസിക്കാനും തൊഴിലെടുക്കാനും പുരുഷനെന്ന പോലെ സ്ത്രീക്കും അവകാശം വേണം. ഇതെല്ലാം ലിംഗനീതിയാണ്. അതേസമയം ലിംഗസമത്വം അയുക്തികവും അശാസ്ത്രീയവും ഒരിക്കലും നടപ്പാക്കാനാകാത്തതുമാണ്. പൗരുഷം, സ്‌ത്രൈണത എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ സവിശേഷതകള്‍ മാറ്റാനോ ഇക്കാര്യത്തില്‍ ഇരുവിഭാഗത്തെയും തുല്യരാക്കാനോ പരിഷ്‌കര്‍ത്താക്കള്‍ക്ക് കഴിയുമോ? പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിച്ചു കൊണ്ടുള്ള സ്വത്വബോധത്തിലൂന്നിയ നിയമ നിര്‍മാണങ്ങളും ചട്ടങ്ങളുമാണ് വിദ്യാഭ്യാസ രംഗത്തായാലും ജീവിതത്തിന്റെ മറ്റു മേഖലകളിലായാലും ആവശ്യം. ലിംഗവ്യത്യാസമെന്ന പ്രകൃതിവ്യത്യാസം വിസ്മരിക്കുന്നത് സ്വത്വനിരാസമാണ്. സ്വത്വബോധത്തിന്റെ ബാഹ്യ പ്രകടനമാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യത്യസ്ത വസ്ത്രധാരണ രീതികള്‍. ഈ വ്യത്യസ്തത ഇല്ലാതാക്കി സ്ത്രീ, പുരുഷവേഷം ധരിച്ചത് കൊണ്ട് സ്ത്രീ പുരുഷതുല്യമാകുമോ? അവളിലെ പ്രകൃത്യായുള്ള ദൗര്‍ബല്യങ്ങള്‍ ഇല്ലാതാകുമോ? സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും അതിക്രമങ്ങളും കുറയുമോ? ഇല്ലെന്നാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയ ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാഷ്ട്രങ്ങളുടെ ദുരനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഈ രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്നും വന്‍തോതില്‍ നടന്നു വരുന്നുണ്ട്.

ലിംഗസമത്വത്തിനും നീതിക്കും വേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും മുറവിളി ആത്മാര്‍ഥമെങ്കില്‍ അവര്‍ ആദ്യം വേണ്ടത് ഭരണ, രാഷ്ട്രീയ രംഗങ്ങളില്‍ അത് നടപ്പാക്കുകയാണ്. പ്രമുഖ ഭരണകക്ഷികളായ സി പി എമ്മിലെയും സി പി ഐയിലെയും സ്ഥാനാര്‍ഥി പട്ടികയിലും മന്ത്രിസഭയിലും സ്ത്രീകള്‍ക്ക് എത്രമാത്രം പ്രാതിനിധ്യമുണ്ട്? രണ്ട് പാര്‍ട്ടികള്‍ക്കും എളുപ്പത്തില്‍ സമത്വം നടപ്പാക്കാന്‍ പറ്റുന്ന വേദികളായിരുന്നു ഇവ രണ്ടും. എന്തേ അവിടെ അത് നടപ്പാക്കാന്‍ തുനിയാതിരുന്നത്? എന്നിട്ടാണിപ്പോള്‍ വിദ്യാര്‍ഥി സമൂഹത്തില്‍ ലൈംഗിക അരാജകത്വത്തിനു വഴിയൊരുക്കുന്ന പരിഷ്‌കരണങ്ങള്‍ നടപ്പാക്കി കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹികാന്തരീക്ഷം കേടുവരുത്താന്‍ ശ്രമിക്കുന്നത്. അശാസ്ത്രീയവും അയുക്തികവുമായ ഇത്തരം പരിഷ്‌കരണ നിര്‍ദേശങ്ങള്‍ ചട്ടക്കൂട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ടിയിരിക്കുന്നു.