Connect with us

Uae

കടല്‍പരപ്പില്‍ അര കിലോമീറ്റര്‍ നീളമുള്ള കൂറ്റന്‍ ദേശീയ പതാക; യുഎഇ സുവര്‍ണജൂബിലി ആഘോഷിച്ച് മുക്കുവര്‍

കൊടി തോരണങ്ങളും ബഹുവര്‍ണ ബലൂണുകളും രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെയും യു.എ.ഇ ഭരണാധികാരികളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊണ്ട അലങ്കരിച്ച ബോട്ടുകളിലാണ് മുക്കുവര്‍ ഫുഖൈത്ത് തീരത്ത് എത്തിയത്.

Published

|

Last Updated

ദിബ്ബ ( അല്‍ അക്കാമിയ) | യു എ ഇ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടലമ്മയുടെ മക്കള്‍ തീര്‍ത്ത ദേശീയ പതാക പ്രദര്‍ശനം വിസ്മയക്കാഴ്ചയായി. ഫുഖൈത്ത് കടല്‍ തീരത്ത് 15 ബോട്ടുകള്‍ അണിനിരന്ന് 500 മീറ്റര്‍ നീളമുള്ള ദേശീയ പതാക വലിച്ചുകെട്ടിയായിരുന്നു സ്വദേശി മുക്കുവരുടെ പതാക പ്രദര്‍ശനം. അക്കാമിയയില്‍ നിന്നും അല്‍ ഫുഖൈത്ത് വരെ 10 കി.മീറ്റര്‍ കടല്‍യാത്ര ചെയ്യതാണ് മുക്കുവസംഘം എത്തിയത്.

കൊടി തോരണങ്ങളും ബഹുവര്‍ണ ബലൂണുകളും രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെയും യു.എ.ഇ ഭരണാധികാരികളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊണ്ട അലങ്കരിച്ച ബോട്ടുകളിലാണ് മുക്കുവര്‍ ഫുഖൈത്ത് തീരത്ത് എത്തിയത്. അറബ് പരമ്പരാഗത നാടോടി നൃത്തച്ചുവടുകള്‍ അവതരിപ്പിച്ചും ദേശീയ ഗാനം ആലപിച്ചും അവര്‍ സുവര്‍ണജൂബിലിക്ക് മിഴിവേകി. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമെല്ലാം ആഘോഷങ്ങളില്‍ പങ്കാളികളായി.

അല്‍ അക്കാമിയ പ്രദേശത്തെ സ്വദേശി മുക്കുവരുടെ കൂട്ടായ്മയായ മറൈന്‍ കോഓപറേറ്റീവ് സൊസൈറ്റി എല്ലാ വര്‍ഷവും വൈവിധ്യങ്ങളായ പരിപാടികളാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാറുള്ളത്. കാല്‍ നൂറ്റാണ്ട് കാലമായി ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബോട്ട് യാത്രയും പതാക പ്രദര്‍ശനവും സംഘടിപ്പിച്ചുവരുന്നുണ്ട്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസം എല്ലാ ബോട്ടുകള്‍ക്കും 250 ദിര്‍ഹമിന്റെ ഇന്ധനം സൗജന്യമായി നിറച്ചുകൊടുക്കും. ഒപ്പം അലീസ വിതരണവും നടത്താറുണ്ട്. മുക്കുവരുടെ ആഘോഷപരിപാടികള്‍ കാണാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ എത്താറുണ്ട്.

റിപ്പോര്‍ട്ട്: അന്‍വര്‍ സി ചിറക്കമ്പം
ഫോട്ടോ: ശംസുദ്ദീന്‍ കരിമ്പിന്‍ കണ്ടത്തില്‍, പുന്നത്തല