Connect with us

കെയ്‌റോ ഡയറി - 28

മരുഭൂമിയിലുയരുന്ന സ്വപ്‌ന നഗരി

ഫറോവമാരുടെ കാലം മുതൽ മംലൂക്ക്, ഉസ്മാനി ഭരണകൂടങ്ങളിലൂടെ ഇന്നുവരെ നീളുന്ന ഈജിപ്ഷ്യൻ ചരിത്രത്തിൽ കേവലമൊരു നഗരമാറ്റം എന്നതിലുപരി, ആധുനികതയിലേക്കും ഹൈടെക് യുഗത്തിലേക്കുമുള്ള ഒരു രാജ്യത്തിന്റെ ഗൗരവകരമായ ചുവടുവെപ്പാണ് "പുതിയ ഭരണസിരാകേന്ദ്രം' അഥവാ ന്യൂ അഡ്മിനിസ്‌ട്രേറ്റീവ് ക്യാപിറ്റൽ. കെയ്റോ നഗരത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ കിഴക്കുമാറി വിശാലമായ മരുഭൂമിയിൽ പൂർണമായും നിർമിച്ചെടുത്തുകൊണ്ടിരിക്കുന്ന ഈ പുതിയ സ്മാർട്ട് നഗരം ഈജിപ്തിന്റെ ഭാവിയുടെ അടയാളമാണ്.

Published

|

Last Updated

കെയ്റോ നഗരം ഇന്ന് വലിയൊരു ചരിത്ര മാറ്റത്തിന്റെ വക്കിലാണ്. ഒരു സഹസ്രാബ്ദത്തോളമായി ഈജിപ്തിന്റെ ഭരണ, സാംസ്‌കാരിക, വൈജ്ഞാനിക സിരാകേന്ദ്രമായി നിലകൊള്ളുന്ന കെയ്റോയിൽ നിന്നും ഭരണയന്ത്രം പൂർണമായും മരുഭൂമിയിലേക്ക് പറിച്ചുനടപ്പെടുകയാണ്. ഫറോവമാരുടെ കാലം മുതൽ മംലൂക്ക്, ഉസ്മാനി ഭരണകൂടങ്ങളിലൂടെ ഇന്നുവരെ നീളുന്ന ഈജിപ്ഷ്യൻ ചരിത്രത്തിൽ കേവലമൊരു നഗരമാറ്റം എന്നതിലുപരി, ആധുനികതയിലേക്കും ഹൈടെക് യുഗത്തിലേക്കുമുള്ള ഒരു രാജ്യത്തിന്റെ ഗൗരവകരമായ ചുവടുവെപ്പാണ് “പുതിയ ഭരണസിരാകേന്ദ്രം’ അഥവാ ന്യൂ അഡ്മിനിസ്‌ട്രേറ്റീവ് ക്യാപിറ്റൽ. കെയ്റോ നഗരത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ കിഴക്കുമാറി വിശാലമായ മരുഭൂമിയിൽ പൂർണമായും നിർമിച്ചെടുത്തുകൊണ്ടിരിക്കുന്ന ഈ പുതിയ സ്മാർട്ട് നഗരം ഈജിപ്തിന്റെ ഭാവിയുടെ അടയാളമാണ്.

എന്തിനാണ് ഈജിപ്ത് തങ്ങളുടെ തലസ്ഥാനം മാറ്റുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കെയ്റോ നഗരം ശ്വാസംമുട്ടുകയാണ്. രണ്ട് കോടിയിലധികം ജനങ്ങളാണ് നിലവിൽ ഈ നഗരത്തിലും പരിസരങ്ങളിലുമായി തിങ്ങിപ്പാർക്കുന്നത്. വാഹനങ്ങളുടെ ബാഹുല്യം കാരണം മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും, വർധിച്ചുവരുന്ന മലിനീകരണവും, ഉയർന്ന ജനസാന്ദ്രതയും നഗരത്തിന്റെ സ്വാഭാവിക താളത്തെ പൂർണമായും തകർത്തിരിക്കുന്നു. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് പുതിയതായി കെയ്റോയിലേക്ക് കുടിയേറുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ പരമാവധി പരിധി നഗരം എന്നേ പിന്നിട്ടുകഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് ഭരണസിരാകേന്ദ്രം നഗരത്തിന് പുറത്തേക്ക് മാറ്റാൻ ഗവൺമെന്റ് തീരുമാനിക്കുന്നത്. മന്ത്രാലയങ്ങളും പ്രധാന സർക്കാർ ഓഫീസുകളും വിദേശ എംബസികളും പുതിയ നഗരത്തിലേക്ക് മാറുന്നതോടെ, കെയ്റോയിലെ വലിയൊരു ശതമാനം തിരക്കിന് ശമനമുണ്ടാകുമെന്നും. പുതിയ വിദേശ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നുമാണ് ഭരണകൂടം കണക്കുകൂട്ടുന്നത്.

പുതിയ തലസ്ഥാന നഗരി കേവലമൊരു സർക്കാർ ഓഫീസ് സമുച്ചയമല്ല. മറിച്ച് ലോകത്തെ ഏറ്റവും ആധുനികമായ ഒരു സ്മാർട്ട് സിറ്റിയാണ്. ആഫ്രിക്കൻ വൻകരയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ “ഐക്കോണിക് ടവർ’ ആണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ ആകർഷണം. 393 മീറ്റർ ഉയരമുള്ള ഈ ഭീമൻ കെട്ടിടത്തിന് ചുറ്റുമായി വാണിജ്യ സമുച്ചയങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. പേപ്പർ രഹിതവും പണരഹിതവുമായ ഭരണസംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളും, നഗരത്തിന് നടുവിലൂടെ ഒഴുകുന്ന “ഗ്രീൻ റിവർ’ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത പാർക്കും ഈ നഗരത്തെ ഒരു പരിസ്ഥിതി സൗഹൃദ ഹൈടെക് കേന്ദ്രമാക്കി മാറ്റുന്നു.

പഴയ കെയ്റോയിൽ നിന്നും ഈ പുതിയ നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ “മോണോറെയിൽ’ ശൃംഖലയും അത്യാധുനിക ഇലക്ട്രിക് ട്രെയിനുകളുമാണ് ഒരുങ്ങുന്നത്. നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ, അമേരിക്കയുടെ പെന്റഗണിനേക്കാൾ വലിയ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ “ദി ഒക്ടഗൺ’ ഇവിടെ തലയുയർത്തി നിൽക്കുന്നു. രാജ്യത്തിന്റെ പുതിയ പാർലിമെന്റ് മന്ദിരവും പ്രസിഡന്റിന്റെ കൊട്ടാരവും ഭൂരിഭാഗം മന്ത്രാലയങ്ങളും ഇതിനകം തന്നെ ഇവിടേക്ക് മാറിക്കഴിഞ്ഞു.
ഇതിനെല്ലാം പുറമെ, ഈജിപ്തിന്റെ ഇസ്്ലാമിക പൈതൃകത്തെ ആധുനികതയുമായി വിളക്കിച്ചേർക്കുന്ന അത്ഭുതകരമായൊരു നിർമിതിയാണ് പുതിയ തലസ്ഥാനത്തെ “മസ്ജിദ് മിസ്ർ’.

ആഫ്രിക്കൻ വൻകരയിലെ തന്നെ ഏറ്റവും വലിയ പള്ളിയാണിത്. ഒരേസമയം, ഒരു ലക്ഷത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കൂറ്റൻ പള്ളി ഇസ്്ലാമിക വാസ്തുവിദ്യയുടെ വിസ്മയമാണ്. മംലൂക്ക് ശൈലിയിലുള്ള കൂറ്റൻ മിനാരങ്ങളും പരമ്പരാഗത അറബിക് കാലിഗ്രാഫികൾ കൊത്തിവെച്ച ചുവരുകളും ഇതിന് മാറ്റുകൂട്ടുന്നു. പള്ളിക്കകത്ത് തൂക്കിയിട്ടിരിക്കുന്ന ഭീമൻ ക്രിസ്റ്റൽ ഷാൻഡിലിയർ ലോകത്തിലെ ഏറ്റവും വലിയവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വിശാലമായ പ്രാർഥനാ ഹാളുകൾക്ക് പുറമെ ഒരു വലിയ ഇസ്്ലാമിക് സാംസ്‌കാരിക കേന്ദ്രവും ഖുർആൻ മനഃപാഠമാക്കാനും പഠിക്കാനുമുള്ള പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടുകളും ഈ പള്ളിസമുച്ചയത്തിലുണ്ട്.

ഈ സ്വപ്ന നഗരിയുടെ നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഇച്ഛാശക്തിയും എടുത്തുപറയേണ്ടതാണ്. ഏകദേശം 58 ബില്യൺ ഡോളറിലധികം ചെലവ് കണക്കാക്കുന്ന ഈ വമ്പൻ പ്രൊജക്ട് വലിയ വെല്ലുവിളികൾക്കിടയിലൂടെയാണ് ഈജിപ്ത് യാഥാർഥ്യമാക്കുന്നത്. നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഡോളർ ക്ഷാമവും നാണയപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തിൽ പോലും ഈ പദ്ധതിയുടെ നിർമാണം അവർ നിർത്തിവെച്ചിട്ടില്ല. കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും തങ്ങളുടെ ഭാവിയെ മാറ്റിയെഴുതാൻ ഈജിപ്ഷ്യൻ ഭരണകൂടം കാണിക്കുന്ന വലിയൊരു സാമ്പത്തിക ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണിത്. ഭാവിയിൽ അറുപത് ലക്ഷത്തോളം ജനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ഈ നഗരത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest