Kerala
ഉത്സവാഘോഷത്തിനിടെ കാലില്‍ അറിയാതെ ചവിട്ടി; 19 കാരനെ സംഘം കുത്തിക്കൊന്നു
മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് അമ്പാടി എന്ന തേജസിനെയാണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്
കൊല്ലം | ഉത്സവ ആഘോഷത്തിനിടെ 19 കാരനെ നടുറോഡില്‍ കുത്തിക്കൊന്നത് ഫ്‌ളോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച്. അമ്പാടി എന്ന തേജസിനെയാണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും കൊട്ടിയം പോലീസിന്റെ പിടിയിലായി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് സംഭവം.
പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്‌ളോട്ടിനു മുന്നില്‍ ഡാന്‍സ് കളിക്കുകയായിരുന്നു തേജസ്. ഇതിനിടെ തേജസ് കാലില്‍ ചവിട്ടി എന്നുപറഞ്ഞു പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിത്യന്‍ തേജസിനെ കുത്തുകയും ആയിരുന്നു. വയറ്റിലും ഇടുപ്പിലും മൂന്നു തവണ കുത്തി. ഈ സമയം പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ കുത്താന്‍ പാകത്തിന് പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. ഫ്‌ളോട്ടില്‍ നിന്ന് ഉയര്‍ന്ന ശബ്ദം മൂലം തേജസിന്റെ നിലവിളി ആരും ശ്രദ്ധിച്ചില്ല. കുത്തിയ ശേഷം പ്രതികള്‍ സ്ഥലത്തു നിന്ന് രക്ഷപെട്ടു.
നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാണെന്നു കരുതി ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി കടന്നുപോയി . തേജസിന്റെ സുഹൃത്തുക്കള്‍ എത്തി കാര്യം തിരക്കിയപ്പോഴാണ് കുത്തി പരുക്കേല്‍പ്പിച്ചതാണെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും പലരും വാഹനം നിര്‍ത്താന്‍ തയാറായില്ല. ഐസുമായി പോയ പിക് അപ് വാഹനത്തിലാണ് പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.30 ഓടെ തേജസ് മരിച്ചു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുലര്‍ച്ചെയോടെ പ്രതികളെ പിടികൂടിയത്. വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് അഞ്ച് പേരെ പിടികൂടി. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാളായ വിനു നേരത്തേ ലഹരി കേസില്‍ പ്രതിയാണ്. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും പൊലീസ് പറയുന്നു. തേജസിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



