Kerala
വൃദ്ധമാതാവിനെ കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62)യെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
കൊല്ലം | വൃദ്ധമാതാവിനെ കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ 32 കാരനായ മകന്‍ അറസ്റ്റില്‍. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62)യെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസ് (32) അറസ്റ്റിലായി.
അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് തന്നെ ചിലരോടു പറഞ്ഞതാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് വര്‍ഗീസ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.


