Connect with us

National

അഹമ്മദാബാദില്‍ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ച 8 പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപകമായി പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്

Published

|

Last Updated

ന്യൂഡല്‍ഹി| അഹമ്മദാബാദിലെ വിവിധ പ്രദേശങ്ങളില്‍ ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ പോസ്റ്ററുകള്‍ പതിച്ചതിന് എട്ടു പേര്‍ അറസ്റ്റില്‍. പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടി (എഎപി) രാജ്യവ്യാപകമായി പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അഹമ്മദാബാദ് പൊലീസ് പറഞ്ഞു.

എഎപിയുടെ ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ കാമ്പയിന്‍ രാജ്യത്തുടനീളം 11 ഭാഷകളില്‍ നടക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയ്ക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പോസ്റ്ററുകള്‍ ദേശീയ തലസ്ഥാനത്തെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ 49 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായ രണ്ടുപേര്‍ സ്വന്തമായി അച്ചടി പ്രസ് നടത്തുന്നവരാണെന്നും പൊലീസ് കണ്ടെത്തി. പൊതുമുതല്‍ നശിപ്പിച്ചതിനും നിയമപ്രകാരം പോസ്റ്ററുകളില്‍ അച്ചടിച്ച പ്രിന്റിംഗ് പ്രസിന്റെ പേര് ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് തങ്ങള്‍ക്കെതിരെ പോസ്റ്ററുകള്‍ പതിച്ചവരെ ബ്രിട്ടീഷുകാര്‍ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറസ്റ്റിനോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യ സമര സേനാനികള്‍ പോസ്റ്ററുകള്‍ പതിക്കുമ്പോള്‍ പോലും ബ്രിട്ടീഷുകാര്‍ അവര്‍ക്കെതിരെ എഫ്‌ഐആറോ നടപടികളോ എടുത്തിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഭഗത് സിംഗ് ധാരാളം പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. അദ്ദേഹത്തിനെതിരെ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest