Connect with us

From the print

6,960 ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍

കരിപ്പൂര്‍ വഴി 4,958ഉം കൊച്ചിയില്‍ നിന്ന് 2002ഉം ഹാജിമാരാണ് പുറപ്പെട്ടത്.

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഇന്നലെ വരെ 6,960 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി. കരിപ്പൂര്‍ വഴി 4,958ഉം കൊച്ചിയില്‍ നിന്ന് 2002ഉം ഹാജിമാരാണ് പുറപ്പെട്ടത്. 2,080 പുരുഷന്മാരും 4,880 സ്ത്രീകളുമാണുള്ളത്. കരിപ്പൂരില്‍ നിന്ന് വിശുദ്ധ ഭൂമിയിലെത്തിയവരില്‍ 1,477 പുരുഷന്മാരും 3,481 സ്ത്രീകളുമാണുള്ളത്. കൊച്ചിയില്‍ നിന്ന് 603 പുരുഷന്മാരും 1,399 സ്ത്രീകളുമാണ്.

രണ്ട് വയസ്സ് തികയാത്ത ഹാജി ഇന്നലെ രക്ഷിതാക്കളോടൊപ്പം കരിപ്പൂര്‍ ക്യാമ്പിലെത്തി. കോട്ടക്കല്‍ പറപ്പൂര്‍ കടവത്ത് ടി എം മുഹമ്മദ് നിസാര്‍- സുല്‍ഫത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നാഇഫ് ആണ് ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന ആദ്യ കുഞ്ഞുഹാജി. കേരളത്തില്‍ നിന്ന് രണ്ട് വയസ്സിന് താഴെയുള്ള എട്ട് പേരാണ് ഈ വര്‍ഷം പുറപ്പെടുന്നത്.

മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. ഹുസൈന്‍ മടവൂര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ അഡ്വ. പി മൊയ്തീന്‍കുട്ടി, ഡോ. ഐ പി അബ്ദുല്‍ സലാം ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കുഞ്ഞുഹാജി പുറപ്പെട്ടു
നെടുമ്പാശ്ശേരി | നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് ഇന്നലെ ഒരു വയസ്സുകാരനടക്കം 579 പേര്‍ രണ്ട് വിമാനങ്ങളിലായി യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നിന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 289 പേരാണ് പുറപ്പെട്ടത്. ഇതില്‍ 275 സ്ത്രീകളും 14 പുരുഷന്മാരുമാണ്. ഇടുക്കി സ്വദേശിനി സബിതയാണ് വളണ്ടിയര്‍.

രാത്രി 8.30നുള്ള വിമാനത്തിലാണ് ഒരു വയസ്സുള്ള ജാബിര്‍ അടക്കം 290 പേര്‍ യാത്രതിരിച്ചത്. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി മങ്കാര ബ്രായില്‍ ശരീഫ് ഹുസൈന്റെയും ബിസ്മിയുടെയും മകനാണ് കുഞ്ഞ്. പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആമിനയാണ് ഈ വിമാനത്തില്‍ വളന്റിയറായി പോയത്. ഉച്ചയോടെ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എം ഡി. എസ് സുഹാസും സിയാല്‍ ഉദ്യോഗസ്ഥരും ക്യാമ്പ് സന്ദര്‍ശിച്ചു.

അതിനിടെ, വൈകിട്ടോടെ ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ക്യാമ്പിലെത്തി. ഇന്ന് ലക്ഷദ്വീപില്‍ നിന്നുള്ള 192ഉം കേരളത്തിലെ 97ഉം അടക്കം 289 പേര്‍ രാത്രി 8.30നുള്ള വിമാനത്തില്‍ യാത്രതിരിക്കും.

 

 

Latest