Connect with us

KIIFB

5,681.98 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി

കിഫ്ബിയുടെ കൈവശം ആവശ്യമായ പണമുണ്ടെന്നും ചില കരാറുകാർക്ക് പണം അനുവദിക്കാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാകാമെന്നും മന്ത്രി വിശദീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം| 5,681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം ധനാനുമതി നൽകി. ഇതോടെ കിഫ്ബി മുഖേന 80,352.04 കോടിയുടെ 1,057 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ജനറൽ ബോർഡ് യോഗത്തിലും എക്‌സിക്യൂട്ടീവ് യോഗത്തിലുമായി അനുമതി നൽകിയ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് വികസന പദ്ധതികൾക്കുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 3,414.16 കോടിയുടെ 36 പദ്ധതികൾക്കും കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് കീഴിൽ കൊച്ചിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകി.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഒന്പത് പദ്ധതികൾക്ക് 600.48 കോടിയും ജലവിഭവ വകുപ്പിനു കീഴിലുള്ള 467.32 കോടിയുടെ പദ്ധതികൾക്കും അംഗീകാരം നൽകി. തദ്ദേശ വകുപ്പിന് കീഴിൽ 42. 04 കോടിയുടെ രണ്ട് പദ്ധതികൾ ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടിയുടെയും എട്ട് സ്‌കൂളുകളുടെ നവീകരണത്തിന് 31.11 കോടിയുടേയും പദ്ധതിക്കാണ് അംഗീകാരം. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ട്രാൻസ്ലേഷനൽ റിസർച്ച് സെന്ററിനു വേണ്ടി 10.24 കോടിയുടെയും അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, വിവിധ വകുപ്പുകളിലായി കിഫ്ബി ഇതുവരെ അനുമതി നൽകിയത് 1,050 പദ്ധതികൾക്കാണ്. ഇതിൽ ടെൻഡർ ചെയ്തത് 559 പദ്ധതികളെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 21,989.77 കോടി രൂപക്കാണ് പദ്ധതികൾ ടെൻഡർ ചെയ്തത്. 20,054.74 കോടിയാണ് ആരംഭിച്ച പദ്ധതികളുടെ ആകെ കരാർ തുക. ഇതിനു പുറമേ 22,877.17 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതി നൽകിയിട്ടുണ്ട്.

വായ്പാ നയം കേന്ദ്രത്തിന് തിരുത്തേണ്ടി വരും: ബാലഗോപാൽ

തിരുവനന്തപുരം | കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് കേന്ദ്രത്തിന് പിന്നോട്ട് പോകേണ്ടി വരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലുള്ള നയം കേന്ദ്രത്തിന് തിരുത്തേണ്ടിവരും. കേരളത്തിന് പുറമേ കുറേയധികം സംസ്ഥാനങ്ങൾ സമാനമായ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത് കൂടി പരിഗണിച്ച് കേന്ദ്രം നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയുടെ കൈവശം ആവശ്യമായ പണമുണ്ടെന്നും ചില കരാറുകാർക്ക് പണം അനുവദിക്കാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാകാമെന്നും മന്ത്രി വിശദീകരിച്ചു.

---- facebook comment plugin here -----

Latest