Connect with us

Editorial

ചൈനീസ് പ്രകോപനം നിസ്സാരമല്ല

ചൈനയുമായി നാളെ യുദ്ധത്തിന് പോകണമെന്നല്ല. ശത്രുവിന്റെ ശത്രുവെന്ന നിലയില്‍ അമേരിക്കന്‍ ചേരിയില്‍ ചേരണമെന്നുമല്ല. എന്നാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെയും സൈനികരെയും ബലികൊടുക്കുന്ന തരത്തിലുള്ള ദുര്‍ബലാവസ്ഥ ഒട്ടും ഭൂഷണമല്ല. വീറ്റോ രാജ്യമായ ചൈനയെ അന്താരാഷ്ട്ര വേദികളില്‍ തുറന്നുകാണിക്കാന്‍ ഇന്ത്യക്ക് സാധിക്കണം.

Published

|

Last Updated

ഏഷ്യയിലാകെ ചൈന സൃഷ്ടിക്കുന്ന നയതന്ത്ര, സുരക്ഷാ പ്രശ്‌നങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ആഗോള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് മധ്യ പൗരസ്ത്യ ദേശത്ത് നടത്തുന്ന ഇടപെടലുകളെ ശരിയായി വിലയിരുത്തുമ്പോഴും അയല്‍ രാജ്യങ്ങളുടെ അഖണ്ഡതയിലേക്കും സ്വയം നിര്‍ണയാവകാശത്തിലേക്കും ചൈന നടത്തുന്ന കടന്നുകയറ്റങ്ങളെ തള്ളിപ്പറയുക തന്നെ വേണം. തായ്്വാൻ മേലുള്ള ചൈനയുടെ മേല്‍ക്കോയ്മാ പ്രഖ്യാപനം ഒരിക്കല്‍ കൂടിയുണ്ടായി. തായ്വാന്‍ കടലിടുക്കില്‍ അതിര്‍ത്തി രേഖ മറികടന്ന് ചൈനയുടെ 71 സൈനിക വിമാനങ്ങള്‍ പറന്നു. തായ്്വാൻ പ്രസിഡന്റ്‌സായ് ഇംഗ് വെന്നും യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രോഷം പ്രകടിപ്പിക്കുകയായിരുന്നു ചൈന. ലോസ് ഏഞ്ചല്‍സില്‍ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചക്ക് ശേഷം സായ് ഇംഗ് വെന്‍ തിരിച്ചെത്തിയതിന് പിന്നാലെ ചൈന മൂന്ന് ദിവസത്തെ അഭ്യാസങ്ങള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ വര്‍ഷം, അന്നത്തെ യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചപ്പോഴും സമാനമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ചൈന സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയും തായ്്വാൻ കടലിടുക്കില്‍ അഭ്യാസങ്ങള്‍ തുടങ്ങിയിരുന്നു. തായ്‌വാന് സുരക്ഷാ രംഗത്ത് എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന അമേരിക്കയും തായ്‌വാന്‍ സ്വയമെടുക്കുന്ന തീരുമാനങ്ങളെ മുഴുവന്‍ ബാഹ്യ ഇടപെടലായി ചിത്രീകരിക്കുന്ന ചൈനയും ചട്ടവിരുദ്ധമായി പരമാധികാരത്തിലേക്ക് ഇടിച്ചു കയറുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ഇടപെടലുകളും ഇതേ അര്‍ഥത്തില്‍ തന്നെയാണ് കാണേണ്ടത്. ഒരു ഭാഗത്ത് ചര്‍ച്ച, മറുഭാഗത്ത് പ്രകോപനം എന്നതാണ് ഇന്ത്യാ- ചൈനാ ബന്ധത്തിലെ വര്‍ത്തമാനകാല അവസ്ഥ. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുതിയ ഔദ്യോഗിക നാമങ്ങള്‍ നല്‍കുന്നതും ഭൂട്ടാനുമായി തികച്ചും തന്ത്രപരമായി അടുക്കുന്നതും അതിര്‍ത്തിയില്‍ നടത്തുന്ന നഗരവത്കരണവുമെല്ലാം നിരന്തരം ശല്യമുണ്ടാക്കുകയെന്ന ചൈനീസ് പദ്ധതിയുടെ ഭാഗമാണ്. അരുണാചലിലെ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന സത്യം എല്ലാ ഉഭയകക്ഷി ചര്‍ച്ചകളിലും ഉന്നയിക്കപ്പെട്ട് തീര്‍പ്പായ കാര്യമാണ്. എന്നിട്ടും ആ പ്രദേശങ്ങളുടെ പേര് മാറ്റാനും അവയെ ഉള്‍പ്പെടുത്തി ഭൂപടമുണ്ടാക്കാനും അവര്‍ മെനക്കെടുന്നു. അടുത്ത ദിവസങ്ങളില്‍ അരുണാചലിലെ അതിര്‍ത്തി മേഖലകളില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പോകാനിരിക്കുകയാണ്. ഇതുമതിയാകും ചൈന കുത്തിത്തിരിപ്പ് തുടങ്ങാന്‍. തലസ്ഥാനമായ ഇറ്റാ നഗറിന് സമീപമുള്ള ഒരു സ്ഥലം ഉള്‍പ്പെടെ 11 പ്രദേശങ്ങള്‍ക്ക് മന്‍ഡാരിന്‍, ടിബറ്റന്‍, പിന്‍യിന്‍ ഭാഷകളില്‍ പുതിയ പേര് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പ്രാദേശിക പരമാധികാരത്തില്‍ ബോധപൂര്‍വമായ കൈകടത്തലാണെന്നതില്‍ സംശയമില്ല. അഞ്ച് പര്‍വതങ്ങള്‍ അടക്കം പേരുമാറ്റിയ സ്ഥലങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അടയാളപ്പെടുത്തിയ ഭൂപടം ചൈന പുറത്തിറക്കുകയും ചെയ്തിരുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാര്‍ഥ്യം പുതിയ പേരുകള്‍ കൊണ്ടുവരുന്നതുകൊണ്ട് മാറാനൊന്നും പോകുന്നില്ല. 2021ല്‍ ചൈന 15 സ്ഥലങ്ങളുടെ പേര് മാറ്റിയപ്പോഴും വിദേശകാര്യ മന്ത്രാലയം ഇതേ നിലപാടാണ് സ്വീകരിച്ചത്. 2017ല്‍ ചൈന ആറ് പേരുകള്‍ മാറ്റിയിരുന്നു.

അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം കിഴക്കന്‍ ടിബറ്റിന്റെ ഭാഗമായ മിലിന്‍, കുവോന പട്ടണങ്ങള്‍ക്ക് നഗര പദവി നല്‍കിയതും ചൈനയുടെ പ്രകോപന നീക്കമായി കാണേണ്ടിയിരിക്കുന്നു. ഇന്ത്യയുമായി 180 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മിലിന് (മെയിന്‍ലിംഗ്), അതിര്‍ത്തി പട്ടണം എന്ന നിലയിലും ഇങ്ങോട്ടുള്ള യാത്രാകേന്ദ്രം എന്ന നിലയിലും ഏറെ പ്രാധാന്യമുണ്ട്. സ്വയം ഭരണ മേഖലയായ ടിബറ്റിന്റെ തലസ്ഥാനമായ ലാസയുമായി ഈ പട്ടണത്തിന് റെയില്‍ ബന്ധമുണ്ട്. ടിബറ്റിനെയും ചൈനീസ് നഗരമായ ഷിന്‍ജിയാംഗിനെയും ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്നതും മിലിനിലൂടെയാണ്. കുവോന ഭൂട്ടാനുമായും നിയന്ത്രണ രേഖയില്‍ തവാംഗ് സെക്ടറുമായും അടുത്തു കിടക്കുന്ന പട്ടണമാണ്. അരുണാചല്‍ പ്രദേശിലെ പല പ്രദേശങ്ങളും കുവോനയുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

2021 ഡിസംബറില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ തവാംഗ് പ്രദേശത്തെ യാങ്സെയില്‍ ഒരു പോസ്റ്റ് ഏറ്റെടുക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. ഇത് ചൈനക്ക് വലിയൊരു തിരിച്ചടിയാണ്. ഇന്നൊവേഷന്‍ സാങ്കേതികവിദ്യ സംബന്ധിച്ച ജി-20 എന്‍ഗേജ്മെന്റ് ഗ്രൂപ്പ് സമ്മേളനം ഇറ്റാ നഗറില്‍ നടത്താനുള്ള തീരുമാനത്തിലും ചൈനക്ക് അമര്‍ഷമുണ്ട്. ഇന്ത്യ സംയമനത്തോടെ ഇടപെടുന്നതിനെ അവസരമാക്കിയെടുക്കുകയാണ് ചൈന. ഗാല്‍വനിലെ ഏറ്റുമുട്ടലിന് ശേഷം പല തലങ്ങളില്‍ ചര്‍ച്ച നടന്നുവെങ്കിലും ബന്ധത്തിലെ ആഴത്തിലുള്ള വിള്ളല്‍ അങ്ങനെ തന്നെ നില്‍ക്കുന്നുവെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം കാണിക്കുന്നത്. പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും കഴിഞ്ഞ വര്‍ഷം നടത്തിയതടക്കമുള്ള ചര്‍ച്ചകള്‍ എന്ത് ഫലമാണ് ഉണ്ടാക്കിയതെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.
ചൈനയുമായി നാളെ യുദ്ധത്തിന് പോകണമെന്നല്ല. ശത്രുവിന്റെ ശത്രുവെന്ന നിലയില്‍ അമേരിക്കന്‍ ചേരിയില്‍ ചേരണമെന്നുമല്ല. എന്നാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെയും സൈനികരെയും ബലികൊടുക്കുന്ന തരത്തിലുള്ള ദുര്‍ബലാവസ്ഥ ഒട്ടും ഭൂഷണമല്ല. വീറ്റോ രാജ്യമായ ചൈനയെ അന്താരാഷ്ട്ര വേദികളില്‍ തുറന്നുകാണിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. തായ്‌വാനിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലുമെല്ലാം ചൈന നടത്തുന്ന മേധാവിത്വ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്ന ബഹുരാഷ്ട്ര നീക്കത്തില്‍ ഇന്ത്യ പങ്കാളിയാകണം.

Latest