Connect with us

National

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; രാഹുല്‍ അറസ്റ്റില്‍, പ്രിയങ്ക കസ്റ്റഡിയില്‍

അവശ്യസാധനങ്ങളുടെ വിലവര്‍ധന, തൊഴിലില്ലായ്മ, ജി എസ് ടി, ഇ ഡി നടപടി എന്നിവക്കെതിരെ പാര്‍ലിമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയയായിരുന്നു അറസ്റ്റും കസ്റ്റഡിയിലെടുക്കലും.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കാ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. കിംഗ്‌സ് വേ പോലീസ് ക്യാമ്പിലാണ് രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്ളത്. അവശ്യസാധനങ്ങളുടെ വിലവര്‍ധന, തൊഴിലില്ലായ്മ, ജി എസ് ടി, ഇ ഡി നടപടി എന്നിവക്കെതിരെ പാര്‍ലിമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയയായിരുന്നു അറസ്റ്റും കസ്റ്റഡിയിലെടുക്കലും. പ്രധാന മന്ത്രിയുടെ വസതി ഉപരോധിക്കലും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചുമാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല.

രാഹുല്‍ ഗാന്ധിക്കൊപ്പം ശശി തരൂര്‍ എം പി, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എം പിമാരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. കറുപ്പ് വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.

ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നതെന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ല. കേസുകളില്‍ കുടുക്കി ജയിലിലിടുന്നു. അന്വേഷണ ഏജന്‍സികളിലൂടെ സമ്മര്‍ദത്തിലാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍ എസ് എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.