Ongoing News
'ഇതാണ് ഉചിതമായ സമയം'; വിരമിക്കല്‍ പ്രഖ്യാപിച്ച് മോയീന്‍ അലി
'37 വയസ്സായി. ഇംഗ്ലണ്ടിനു വേണ്ടി അനവധി മത്സരങ്ങള്‍ കളിച്ചു. പുതിയ തലമുറക്കായി വഴിമാറുകയാണ്. എന്റെ ഭാഗം ചെയ്തു കഴിഞ്ഞു.'
ലണ്ടന്‍ | അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ആസ്‌ത്രേലിയക്കെതിരായ പരമ്പര നടക്കാനിരിക്കേയാണ് മോയിന്‍ അലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഈ വര്‍ഷം ഗയാനയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് മോയിന്‍ അലി ഏറ്റവുമവസാനം ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
‘എനിക്ക് 37 വയസ്സായി. ഈമാസം നടക്കുന്ന ആസ്‌ത്രേലിയക്കെതിരായ പരമ്പരക്കുള്ള സ്‌ക്വാഡില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ഇംഗ്ലണ്ടിനു വേണ്ടി അനവധി മത്സരങ്ങള്‍ കളിച്ചു. പുതിയ തലമുറക്കായി വഴിമാറുകയാണ്. വിരമിക്കലിന് ഇതാണ് ഉചിതമായ സമയം. എന്റെ ഭാഗം ചെയ്തു കഴിഞ്ഞു.’- മോയീന്‍ അലി പറഞ്ഞു.
2014 ജൂണ്‍ 12ന് ശ്രീലങ്കക്കെതിരായ പരമ്പരയിലായിരുന്നു മോയീന്‍ അലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 68 ടെസ്റ്റുകളില്‍ ടീമിനായി കളത്തിലിറങ്ങി. 2014 ഫെബ്രുവരി 28ന് വെസ്റ്റിന്‍ഡീസിനെതിരെ ആയിരുന്നു ആദ്യ ഏകദിനം. 138 ഏകദിനങ്ങളിലും 92 ടി20യിലും മോയീന്‍ കളിച്ചു.
ടെസ്റ്റില്‍ 3,094 റണ്‍സാണ് മോയീന്‍ അലിയുടെ സമ്പാദ്യം. ഏകദിനത്തില്‍ 2,355ഉം ടി20യില്‍ 1,229ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. ടെസ്റ്റില്‍ 204, ഏകദിനത്തില്‍ 111, ടി20യില്‍ 51 വിക്കറ്റുകളും താരം സ്വന്തമാക്കി.
10 വര്‍ഷത്തെ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിലുമായി എട്ട് ശതകങ്ങളും 28 അര്‍ധ ശതകങ്ങളും ഉള്‍പ്പെടെ 6,678 റണ്‍സും 366 വിക്കറ്റുമാണ് കരസ്ഥമാക്കിയത്.