Connect with us

National

'റാം എയർ ടർബൈൻ' അപ്രതീക്ഷിതമായി പ്രവർത്തിച്ചു; എയർ ഇന്ത്യ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി

വിമാനത്തിന്റെ എൻജിനോ ഹൈഡ്രോളിക് സംവിധാനമോ പൂർണമായും തകർന്നാൽ മാത്രം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കേണ്ട സംവിധാനമാണ് റാം എയർ ടർബൈൻ

Published

|

Last Updated

മുംബൈ | വിമാനത്തിന്റെ എൻജിനോ ഹൈഡ്രോളിക് സംവിധാനമോ പൂർണമായും തകർന്നാൽ മാത്രം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കേണ്ട റാം എയർ ടർബൈൻ സംവിധാനം അപ്രതീക്ഷിതായി പ്രവർത്തിച്ചു. എയർ ഇന്ത്യയുടെ അമൃത്സർ-ബർമിംഗ്ഹാം എ ഐ. 117 നമ്പർ വിമാനത്തിൻ്റെ ‘റാം എയർ ടർബൈൻ’ (ആർ എ ടി.) ആണ് ലാൻഡ് ചെയ്യാൻ നേരത്ത് അപ്രതീക്ഷിതായി പ്രവർത്തിച്ചത്. എങ്കിലും, വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി എയർലൈൻ അറിയിച്ചു. ഒക്ടോബർ 4-ന് ആണ് സംഭവം.

വിമാനങ്ങളിൽ അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് ശക്തിയും നൽകുന്ന ഒരു ചെറിയ ബാക്കപ്പ് ഉപകരണമാണ് റാം എയർ ടർബൈൻ (Ram Air Turbine – RAT). വിമാനത്തിന്റെ പ്രധാന എഞ്ചിനുകളോ മറ്റ് പ്രധാന പവർ സംവിധാനങ്ങളോ (ജനറേറ്റർ, ഓക്സിലറി പവർ യൂണിറ്റ് അഥവാ എ.പി.യു. പോലുള്ളവ) പൂർണ്ണമായി തകരാറിലാവുമ്പോൾ, വിമാനത്തിന്റെ അവശ്യ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ട ഊർജ്ജം ഉത്പാദിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

വിമാനം പരിശോധനയ്ക്കായി നിലത്തിറക്കിയതിനാൽ ബർമിംഗ്ഹാം-ഡൽഹി സർവീസ് റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം ഉൾപ്പെടെയുള്ള മറ്റ് പ്രത്യേക വിവരങ്ങൾ എയർലൈൻ പുറത്തുവിട്ടിട്ടില്ല.

ഈ വർഷം ജൂണിൽ നടന്ന എയർ ഇന്ത്യ ബോയിംഗ് 787 വിമാനാപകടത്തിൻ്റെ സാധ്യതാ കാരണങ്ങളിൽ എഞ്ചിൻ തകരാറുകൾ, ഹൈഡ്രോളിക്/ഇലക്ട്രിക്കൽ തകരാറുകൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ തകരാർ എന്നിവയും ഉൾപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

Latest