From the print
'പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമായിരുന്നു'; ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍
സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബാബുവിന്റെ പരാമര്‍ശം.

തൃശൂര്‍ | തൃശൂര്‍ ജില്ലയിലെ പാലയൂര്‍ സെന്റ് തോമസ് ചര്‍ച്ച് പണ്ട് ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശം.
സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബാബുവിന്റെ പരാമര്‍ശം. പാലയൂര്‍ ചര്‍ച്ച് ക്ഷേത്രമായിരുന്നുവെന്ന് തന്റെ കുട്ടിക്കാലം മുതല്‍ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ അവിടെ മണിപ്പൂരാകുമെന്ന സൂചനയാണ് സംഘ്പരിവാര്‍ നല്‍കുന്നതെന്നാണ് ഉയരുന്ന വിമര്‍ശം. ചാവക്കാടിനടുത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്രിസ്തീയ ദേവാലയമാണ് പാലയൂരിലുള്ളത്.
ദേശീയ അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രവും ഭാരതത്തിലെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളില്‍ ഒന്നുമാണിത്. ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ ചര്‍ച്ച് ശിവക്ഷേത്രം ആയിരുന്നുവെന്നും അത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമുള്ള ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശവും നേരത്തേ വലിയ രീതിയിലുള്ള വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.