Connect with us

Kerala

'മഞ്ഞുമ്മല്‍ ബോയ്സ്': കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിയില്‍ റിപോര്‍ട്ട് തേടി കോടതി

ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരജി നല്‍കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറയുടെ ആവശ്യം.

Published

|

Last Updated

കൊച്ചി | ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ പോലീസിനോട് റിപോര്‍ട്ട് തേടി കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരജി നല്‍കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറയുടെ ആവശ്യം. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിപോര്‍ട്ട് തേടിയത്.

2022ല്‍ ചിത്രം തുടങ്ങുന്നതിനു മുമ്പ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കിയെന്നും ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തതായുമാണ് സിറാജിന്റെ ആരോപണം. സിനിമ വലിയ ലാഭം നേടിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചു. ഈ വിഷയത്തില്‍ പലതവണ നിര്‍മാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് കൊച്ചി മരട് പോലീസില്‍ പരാതി നല്‍കിയതെന്നും സിറാജ് വ്യക്തമാക്കിയിട്ടുണ്ട്.

മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

 

 

 

Latest