Kerala
'അങ്ങനെ തെറ്റിദ്ധരിപ്പിക്കാനാകുന്ന നേതാവാണോ മുഖ്യമന്ത്രി?'; തോമസ് കെ തോമസിനെ തള്ളി ആന്റണി രാജു
കോഴ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചു എന്നത് ശരിയാണ്. അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറയുകയായിരുന്നു.

തിരുവനന്തപുരം | കോഴ ആരോപണത്തില്‍ മുഖ്യമന്ത്രിയെ താന്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന തോമസ് കെ തോമസിന്റെ ആരോപണം തള്ളി ആന്റണി രാജു. ബാലിശമാണ് അദ്ദേഹത്തിന്റെ ആരോപണമെന്ന് ആന്റണി രാജു പറഞ്ഞു.
ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി. അങ്ങനെ തെറ്റിദ്ധരിപ്പിക്കാനാകുന്ന നേതാവാണോ അദ്ദേഹം. കോഴ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചു എന്നത് ശരിയാണ്. അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറയുകയായിരുന്നു. മുന്നണിയില്‍ നിന്നുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു പറഞ്ഞു.
തനിക്കെതിരായ കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തോമസ് കെ തോമസ് എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയാകാന്‍ പോകുന്ന ഘട്ടത്തിലാണ് പല വാര്‍ത്തകളും പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ കാര്യം ചര്‍ച്ച ചെയ്യുന്നത് നിയമസഭയുടെ ലോബിയിലാണോയെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് കുട്ടനാട് സീറ്റ് കിട്ടാന്‍ വേണ്ടിയാണിത്. മുന്നണി മര്യാദക്ക് നിരക്കാത്തതാണിത്. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണത്തില്‍ അന്വേഷണം വേണമെന്നും തോമസ് കെ തോമസ് പറഞ്ഞു.