Connect with us

Articles

ഹാര്‍ഡ്‌വെയര്‍ ലഭ്യമാവണം; പാഠപുസ്തകം പോലെ

Published

|

Last Updated

ഓണ്‍ലൈന്‍ വിദ്യാഭ്യാസം വാട്സാപ്പില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ടു കാണുന്ന ഗുഗിള്‍ മീറ്റ് പോലുള്ള സംവിധാനത്തിലേക്കു മാറിയതോടെ ഗ്രാമ പ്രദേശങ്ങളില്‍ വലിയൊരു വിഭാഗത്തിനു തടസ്സമില്ലാതെ ക്ലാസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് അനുഭവം വ്യക്തമാക്കുന്നതെന്ന് കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിലുള്ള ഒള്ളൂര്‍ ജി എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ ഇ കെ രാജീവന്‍ പറയുന്നു. വാട്സാപ്പ് വഴി ക്ലാസ് നടന്നപ്പോള്‍ 90 ശതമാനം കുട്ടികള്‍ക്കും അത് ലഭിച്ചിരുന്നു.
ഫോണ്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടെങ്കിലും ഇന്റര്‍നെറ്റ് ലഭ്യതയുടെ പ്രശ്നമാണ് നിലനില്‍ക്കുന്നത്. ഫോണ്‍ കേടാവുന്ന പ്രശ്നങ്ങളും നിരന്തരം കുട്ടികള്‍ പറയുന്നു.

ഒരു വീട്ടിലെ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് ഒരേ സമയം ക്ലാസുണ്ടാവുക, രക്ഷിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ ഫോണ്‍ ഇല്ലാതെ വരിക തുടങ്ങിയ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. പാഠപുസ്തകം പോലെ ഒരു വീട്ടില്‍ എല്ലാ കുട്ടികള്‍ക്കും ഫോണ്‍ ലഭ്യമാക്കുക എന്ന പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്.

ഓണ്‍ലൈന്‍ പഠനത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമാണ്. ഇന്റര്‍നെറ്റ് ലഭ്യതയും ഹാര്‍ഡ് വെയറും ലഭ്യമായ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തെ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. അവര്‍ സ്‌കൂളില്‍ പോകാന്‍ വിനിയോഗിക്കുന്ന സമയത്തെ പോലും പഠന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ച് മികച്ച മുന്നേറ്റം നടത്തുന്നു. മികച്ച സൗകര്യമുള്ളവര്‍ ലേണിങ്ങ് ആപ്പുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചും പഠനത്തെ ഏറെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു. സ്‌കൂളില്‍ വരേണ്ട എന്നത് ഇവര്‍ ഗുണകരമായി ഉപയോഗിക്കുകയാണ്.

എന്നാല്‍ സ്‌കൂള്‍ അധ്യയനത്തിലൂടെ ലഭിക്കുന്ന വിവിധ തരത്തിലുള്ള ശേഷികളുടെ നഷ്ടം നികത്താന്‍ ആവശ്യമായ ശ്രദ്ധ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ അനിവാര്യമാണ്. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് മാനസികവും കായികവുമായ പരിശീലനങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ടെന്നും രാജീവന്‍ പറയുന്നു.

ഓണ്‍ ലൈന്‍ പഠനത്തിന്റെ ഇതുവരെയുള്ള അനുഭവം വെച്ചു നോക്കുമ്പോള്‍ അധ്യാപകരുടെ ശേഷിയും ഇടപെടലും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട് എന്നു കാണാന്‍ കഴിയും. അധ്യാപകര്‍ ടി ടി സി, ബി എഡ് കാലത്ത് ആര്‍ജിച്ച തത്വങ്ങളെയെല്ലാം ഫലപ്രദമായി പ്രയോഗിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകളിലാണ്. ഒരു അധ്യാപകന്‍ ക്ലാസ് എങ്ങിനെ കൈകാര്യംചെയ്യുന്നു എന്നു പൊതു സമൂഹം നിരീക്ഷിക്കുന്ന സാഹചര്യമാണ് ഓണ്‍ലൈന്‍ കാലത്ത് ഉണ്ടാവുന്നത്. അതിനാല്‍ തന്നെ ഏറ്റവും മികച്ച തയ്യാറെടുപ്പുകളോടെ മാത്രമേ അധ്യാപകന് ഓണ്‍ലൈന് ക്ലാസില്‍ എത്താന്‍ കഴിയുകയുള്ളൂ. നേരത്തെ കുട്ടികളുടെ വാക്കുകളില്‍ നിന്നാണ് മികച്ച അധ്യാപകന്‍ ആര് എന്നു പൊതു സമൂഹം വിലയിരുത്തിയിരുന്നത്. ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയുന്നു. ഡിജിറ്റല്‍ സങ്കേതങ്ങളുമായെല്ലാം അകലം പാലിച്ചിരുന്ന വലിയൊരു വിഭാഗം അധ്യാപകര്‍ ഈ രംഗത്ത് മികച്ച ഇടപെടല്‍ നടത്താനും തയ്യാറായിട്ടുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് നവീകരണം ആവശ്യമാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ പ്രയോഗത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള കൈറ്റ് തന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ് നല്ലത്. ഐ ടി രംഗത്തേയോ ഉന്നത വിദ്യാഭ്യാസ രംഗത്തേയോ വിദഗ്ധര്‍ ചേര്‍ന്നുള്ള ഉന്നത തല സമിതികളുടെ പഠനത്തേക്കാള്‍ കൈറ്റിന് ഇക്കാര്യത്തില്‍ ചിലതു ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest