Editorial
പ്രതിപക്ഷ ഐക്യത്തിന് കളമൊരുങ്ങുമ്പോള്‍

പാര്‍ലിമെന്റില്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം തുടര്‍ന്നും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്. ഐക്യം ഊട്ടിയുറപ്പിക്കാന്‍ ആഗസ്റ്റ് 20ന് പ്രതിപക്ഷ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ബുധനാഴ്ച അവസാനിച്ച പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പെഗാസസ്, കര്‍ഷിക നിയമം, ഇന്ധനവില തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്ത് പാര്‍ലിമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായിരുന്നു. പെഗാസസും കര്‍ഷിക നിയമവും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ പാര്‍ലിമെന്റ് നേരത്തേ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച പാര്‍ലിമെന്റിനു പുറത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും എല്ലാ പ്രതിപക്ഷ കക്ഷികളും കൈകോര്‍ത്തു. മോദി സര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റ ശേഷം ഇതാദ്യമാണ് പ്രതിപക്ഷ നിരയില്‍ ഇത്തരമൊരു യോജിപ്പ് പ്രകടമായത്.
രണ്ടാഴ്ച മുമ്പ് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തി വിശാല ബി ജെ പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിവിധ പ്രതിപക്ഷ നേതാക്കളുമായുള്ള അഞ്ച് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് അവര്‍ മടങ്ങിയത്. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധി, ആനന്ദ് ശര്‍മ, കമല്‍നാഥ്, മനു അഭിഷേക് സിംഗ്്വി, എന്‍ സി പി നേതാവ് ശരത് പവാര്‍, രോഗബാധിതനായി കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്്രിവാള്‍, ഡി എം കെ നേതാവ് കനിമൊഴി, പൊതുപ്രവര്‍ത്തകരും സിനിമാമേഖലയിലെ ദമ്പതികളുമായ ജാവേദ് അക്തര്‍, ശബാനാ ആസ്മി തുടങ്ങിയവരുമായി മമത ചര്‍ച്ച നടത്തി. പാര്‍ലിമെന്റ് സമ്മേളനത്തിന് ശേഷം തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്നും രണ്ട് മാസം കൂടുമ്പോള്‍ ഡല്‍ഹിയില്‍ വരുമെന്നും വിശാല പ്രതിപക്ഷ ഐക്യത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളതെന്നും മമത പറയുകയുണ്ടയി. പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അടിയറവ് പറയിപ്പിച്ച ആത്മവിശ്വാസത്തിലാണ് അവര്‍ ഇത്തരമൊരു നീക്കമാരംഭിച്ചത്. അംഗബലത്തില്‍ ലോക്‌സഭയില്‍ നാലാം സ്ഥാനമുള്ള തൃണമൂലിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി മമതയെ തിരഞ്ഞെടുത്തതും അവരുടെ ഡല്‍ഹി ലക്ഷ്യത്തിന്റെ ചുവടു പിടിച്ചാണ്. പാര്‍ലിമെന്റ് അംഗമല്ലെങ്കിലും മമത പാര്‍ലിമെന്ററി പാര്‍ട്ടി നേതാവാകുന്നതോടെ ദേശീയ രാഷ്ട്രീയത്തിലെ തൃണമൂലിന്റെ ഇടപെടലുകള്‍ക്ക് കൂടുതല്‍ സാധ്യത കൈവരും.
അതേസമയം കോണ്‍ഗ്രസ്സും തൃണമൂലുമെല്ലാം ചേര്‍ന്ന് പ്രതിപക്ഷ ഐക്യത്തിന് സജീവ നീക്കങ്ങള്‍ നടത്തുമ്പോള്‍, കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പ്രത്യക്ഷപ്പെട്ട ഭിന്നതക്ക് ഇനിയും പരിഹാരമായിട്ടില്ല. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ ജി 23 നേതാക്കള്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദി ഗ്രൂപ്പ് ഉയര്‍ത്തുന്ന വിമത ഭീഷണി ഇപ്പോഴും തുടരുകയാണ്. കത്തില്‍ ഒപ്പ് വെച്ച പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബലിന്റെ പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ജി 23 ഗ്രൂപ്പിലെ ഏതാണ്ടെല്ലാ നേതാക്കളും സംബന്ധിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും പങ്കെടുത്തു. ഇവര്‍ക്കു പുറമെ ബി എസ് പി ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷി നേതാക്കളും ചടങ്ങില്‍ ഒത്തുകൂടി. ജന്മദിനത്തിന്റെ ഭാഗമായാണ് സിബല്‍ നേതാക്കളെ ക്ഷണിച്ചതെങ്കിലും 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. സോണിയയും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ ഐക്യത്തിനായി ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ അതേ ലക്ഷ്യത്തില്‍ സിബല്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത് ജി 23 ഗ്രൂപ്പ് തങ്ങളുടെ വിമത പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പ്രതിപക്ഷ ഐക്യ നീക്കത്തിനു മുമ്പ് കോണ്‍ഗ്രസ്സ് തങ്ങളുടെ ഈ ഭിന്നത പരിഹരിക്കണമെന്ന് അത്താഴ വിരുന്നില്‍ പങ്കെടുത്ത ശിരോമണി അകാലിദള്‍ അംഗം നരേഷ് ഗുജ്റാള്‍ അഭിപ്രായപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ്സിനുള്ളിലെ കുടുംബാധിപത്യവും അസ്വസ്ഥതകളും ചില പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
സോണിയയും മമതയും നടത്തുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് പരസ്പര ബന്ധമില്ലെങ്കിലും പാര്‍ലിമെന്റില്‍ രൂപപ്പെട്ട യോജിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ കൈകോര്‍ത്തേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ വിശാല ഐക്യത്തിനു കളമൊരുങ്ങിയാല്‍ നായക സ്ഥാനം ആര് വഹിക്കുമെന്നത് കീറാമുട്ടിയായേക്കാം. അനാരോഗ്യം മൂലം വിശ്രമിക്കുന്ന യു പി എ അധ്യക്ഷ സോണിയാ ഗാന്ധി അതേറ്റെടുക്കാന്‍ സാധ്യത കുറവാണ്. രാഹുല്‍ ഗാന്ധിയോട് ചില കക്ഷികള്‍ക്കും നേതാക്കള്‍ക്കും താത്പര്യവുമില്ല. എന്‍ സി പി അധ്യക്ഷന്‍ പവാറിനെയാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിപക്ഷത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളെന്ന നിലയില്‍ പൊതുവെ സ്വീകാര്യനാണ് അദ്ദേഹം. കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ കോണ്‍ഗ്രസ്സ് അടക്കം 24 കക്ഷികളെ ഒന്നിപ്പിക്കാന്‍ മുന്‍കൈയെടുത്തത് പ്രധാനമായും പവാറായിരുന്നു. പ്രതിപക്ഷ നിരയില്‍ വിരുദ്ധ ചേരിയിലുള്ള തൃണമൂലിനും ഇടതു കക്ഷികള്‍ക്കുമിടയില്‍ പാലമാകാനും പവാറിനു സാധിക്കും. ബി ജെ പി വിരുദ്ധ നിരയെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 22ന് അദ്ദേഹം ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. മമതക്കുമുണ്ട് പ്രതിപക്ഷ മുന്നണി നേതൃസ്ഥാനത്തൊരു കണ്ണ്. എന്നാല്‍ പവാറിനെയോ മമതയെയോ നേതൃസ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു മുന്നണിക്ക് കോണ്‍ഗ്രസ്സ് സന്നദ്ധമാകുമോ എന്നു കണ്ടറിയണം. അധികാര താത്പര്യങ്ങള്‍ക്കപ്പുറം ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശക്തിയെ താഴെയിറക്കുകയാണ് പ്രതിപക്ഷ ഐക്യനിരകൊണ്ട് ലക്ഷ്യമാക്കുന്നതെങ്കില്‍ ചില വീട്ടുവീഴ്ചകള്‍ക്ക് എല്ലാവരും സന്നദ്ധമാകേണ്ടി വരും. മറിച്ചാണെങ്കില്‍ ഏച്ചു കെട്ടിയാല്‍ മുഴച്ചു നില്‍ക്കുമെന്ന പഴമൊഴി അന്വര്‍ഥമാകുകയും ചെയ്യും