Ongoing News
പുതിയ വസ്ത്രം വാങ്ങിയിട്ട് മൂന്നു വര്‍ഷം: ഗ്രേറ്റ

സ്റ്റോക്ക്‌ഹോം | വിവിധ ഫാഷന്‍ ബ്രാന്‍ഡ് കമ്പനികള്‍ അവയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പതിനെട്ടുകാരിയായ സ്വീഡിഷ് പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്. “വോഗ് സ്‌കാന്‍ഡ്നേവിയ”യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫാഷന്‍ വ്യവസായത്തിന്റെ പങ്കിനെ അപലപിച്ചുകൊണ്ട് ഗ്രേറ്റ സംസാരിച്ചത്. വോഗ് സ്‌കാന്‍ഡിനേവിയയുടെ പുതിയ ലക്കത്തിന്റെ കവര്‍ മോഡലാണ് ഗ്രേറ്റ. അവസാനമായി വസ്ത്രങ്ങള്‍ വാങ്ങിയത് മൂന്നു വര്‍ഷം മുമ്പാണെന്നും പരിചയമുള്ള ആളുകള്‍ ധരിച്ച വസ്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കാറുണ്ടെന്നും അഭിമുഖത്തില്‍ ഗ്രേറ്റ പറയുന്നുണ്ട്.
വോഗിന്റെ കവര്‍ ചിത്രത്തില്‍ വലിയൊരു കോട്ട് ധരിച്ച് കാട്ടില്‍ കുതിരയ്ക്കൊപ്പം ഇരിക്കുന്ന ഗ്രേറ്റയുടെ ചിത്രമാണുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ മേഖല വലിയ തരത്തിലുള്ള പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ഗ്രേറ്റയുടെ വാദം. ഫാഷന്‍ വ്യവസായം ലോകത്തിലാകെ രണ്ടാമത്തെ മലിനീകരണ കാരണമെന്നാണ് യു എന്നിന്റെ വിലയിരുത്തല്‍. ലോകത്താകെയുള്ള മലിനജലത്തിന്റെ 20 ശതമാനത്തിലധികം ഫാഷന്‍ വസ്ത്രങ്ങളില്‍ നിന്നാണുണ്ടാകുന്നതെന്നും യു എന്‍ വ്യക്തമാക്കുന്നു. 93 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം അമ്പത് ലക്ഷം ആളുകള്‍ക്ക് ജീവിക്കാന്‍ ധാരാളമാണ്. എന്നാല്‍ ഇത്ര അളവ് ജലം പ്രതിവര്‍ഷം ഫാഷന്‍ വ്യവസായത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നാണ് യുഎന്‍ പറയുന്നത്.