Connect with us

Covid19

ലോക്ക്ഡൗണിലെ പുതിയ മാറ്റം: ഇന്ന് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ലോക്ഡൗണില്‍ നിലവിലുള്ള രീതികള്‍ അടിമുടി മാറ്റുന്ന തരത്തിലുള്ള നിര്‍ണായക തീരുമാനം ഇന്ന്. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. നിലവിലെ അടച്ചിടല്‍ രീതി പൂര്‍ണമായും മാറ്റിക്കൊണ്ടുള്ള ഒരു തീരുമാനമാകും ഉണ്ടാകുക. ടി പി ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപവത്കരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ദ സമിതി ശിപാര്‍ശയുണ്ട്. എല്ലാ ദിവസകളും കടകള്‍ തുറന്നിടണം. വരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം പരിഗണിക്കും.

ടി പി ആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടയന്‍മെന്റ് സോണായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ടി പി ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ട്. തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയും പരിശോധിക്കും.

പ്രധാനസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശിപാര്‍ശയിലുണ്ട്. പ്രതിദിന പരിശോധന രണ്ട് ലക്ഷമാക്കി ഉയര്‍ത്തും. രോഗവ്യാപനത്തിന് ഇടവരാതെ ഓണത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനാണ് ആലോചന.