Connect with us

National

പ്രതിഷേധത്തില്‍ പങ്കെടുത്ത് പോലീസ് റിപ്പോര്‍ട്ട് എതിരായാല്‍ കശ്മീരിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടും ജോലിയും ലഭിക്കില്ല

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിന്റെ സുരക്ഷക്ക് വിഘാതമാകുന്ന കുറ്റങ്ങളില്‍ ആരോപിതരായവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ പോലീസ്. കല്ലേറ് അടക്കമുള്ള കുറ്റങ്ങളില്‍ ആരോപിതരായവരെ ഇത് ബാധിക്കും. 2008നും 2017നും ഇരുപതിനായിരത്തോളം തെരുവ് പ്രക്ഷോഭങ്ങള്‍ നടന്ന ജമ്മു കശ്മീരിലെ ജനങ്ങളെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നാണ് ആശങ്ക.

പാസ്‌പോര്‍ട്ട്, സര്‍ക്കാര്‍ ജോലി, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ സമയത്ത് ഇക്കാര്യം പരിശോധിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക പോലീസ് റെക്കോര്‍ഡില്‍ കുറ്റകൃത്യങ്ങളുണ്ടോയെന്ന് പരിശോധിക്കണം. പോലീസ്, സുരക്ഷാ സേന, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളും ഈ സമയം ശേഖരിക്കണം.

സി സി ടി വി ദൃശ്യം, ഫോട്ടോ, വീഡിയോ, ശബ്ദരേഖ, ഹെലികാം ചിത്രങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടും. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, പൗരസമൂഹ അംഗങ്ങള്‍ തുടങ്ങിയവര്‍ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ എന്‍ സി, പി ഡി പി തുടങ്ങിയവയുടെ നേതാക്കള്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചിരുന്നു. അതേസമയം, ജമ്മു കശ്മീരില്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇതെന്ന് വിമര്‍ശനമുണ്ട്.

Latest