Connect with us

Covid19

9.72 ലക്ഷം ഡോസ് വാക്സിന്‍ കൂടി സംസ്ഥാനത്ത് എത്തി

Published

|

Last Updated

തിരുവനന്തപുരം | രൂക്ഷമായ കൊവിഡ് പ്രതിരോധ വാക്സിൻ ക്ഷാമം നേരിടുന്ന സംസ്ഥാനത്ത് 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. 8,97,870 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കൊവാക്സിനുമാണ് എത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കൊവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കൊവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിനും എത്തും.

ലഭ്യമായ വാക്സിന്‍ എത്രയും വേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അതേസമയം, ഇപ്പോള്‍ ലഭിച്ച വാക്സിന്‍ മൂന്ന്- നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ ആവശ്യമുണ്ട്. വാക്സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇടത് എം പിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

വാക്സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത് സ്ത്രീകളാണ്.  98,77,701 സ്ത്രീകളും 91,21,745 പുരുഷന്‍മാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 49,27,692 പേര്‍ക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 66,77,979 പേര്‍ക്കും 60 വയസിന് മുകളിലുള്ള 73,97,039 പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഒരു തുള്ളിയും കളയാതെ കിട്ടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കി ദേശീയ ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. കിട്ടിയ വാക്സിന്‍ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വാക്സിന്‍ ഉപയോഗ നിരക്ക് 105.8 ആണ്. അതുതന്നെയാണ് സംസ്ഥാനത്തിന്റെ വാക്സിനേഷന്റെ നേട്ടമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest