Connect with us

National

'കേന്ദ്രം കള്ളം പറയുന്നു'; ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണത്തില്‍ ഓഡിറ്റ് നടത്താന്‍ ചത്തിസ്ഗഢ് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ചത്തിസ്ഗഢ് സര്‍ക്കാര്‍. കേന്ദ്രം കള്ളം പറയുകയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം ഓഡിറ്റ് നടത്താന്‍ തയ്യാറെടുക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചത്തിസ്ഗഢ് ആരോഗ്യമന്ത്രി ടി എസ് സിംഗ് ഡിയോ പറഞ്ഞു. കൊവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ ഉണ്ടായ മരണങ്ങളില്‍ ഒരു ഓഡിറ്റ് നടത്തുമെന്നും അതില്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുണ്ടായ മരണങ്ങള്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ കൊവിഡ് മരണങ്ങളില്‍ രേഖപ്പെടുത്താതെ പോയ മരണങ്ങുടെ എണ്ണമെടുക്കുമെന്നും കൊവിഡിന്റെ കാര്യത്തില്‍ തങ്ങള്‍ ഒന്നും മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നുല്ലെന്നും ഡിയോ വ്യക്തമാക്കി. സംസ്ഥാനത്തിന് മതിയായ വാക്‌സീന്‍ അനുവദിക്കാത്തതില്‍ അദ്ദേഹം കേന്ദ്രത്തെ കുറ്റപ്പെടുത്തി. പ്രതിമാസം ഒരുകോടി വാക്‌സീന്‍ നല്‍കാന്‍ സംസ്ഥാനത്തിന് കഴിയുന്നിടത്ത് 20 ലക്ഷം മാത്രമാണ് കഴിഞ്ഞ മാസം അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങളില്‍ ഓഡിറ്റ് നടത്താന്‍ ഒരു പാനലിനെ നിയോഗിച്ചിരുന്നുവെന്നും എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അത് പിരിച്ചുവിട്ടുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Latest