Connect with us

Kerala

കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ്; ഇ ഡി കേസെടുക്കും

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്കിലെ കോടികളുടെ വായ്പ തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അടുത്ത ആഴ്ച കേസെടുക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഇത് സംബന്ധിച്ച പ്രാഥമിക വിവരം ശേഖരിച്ചു. തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചതാണ് ഇ ഡി കേസെടുത്ത് അന്വേഷിക്കുകയെന്നാണ് വിവരം. അതിനിടെ മറ്റൊരു കേന്ദ്ര ഏജന്‍സിയായ ആദായ നികുതി വിഭാഗവും അന്വേഷണത്തിലേക്ക് കടക്കുകയാണ്. ആദായ നികുതി വകുപ്പ് പ്രത്യേകാന്വേഷണ വിഭാഗം പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെ കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തട്ടിപ്പില്‍ പങ്കുള്ളവര്‍ക്ക് തേക്കടിയില്‍ റിസോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ ഇടപാടുകാരെ നിക്ഷേപിക്കാനും സമ്മര്‍ദം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബേങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മിഷന്‍ കൈപ്പറ്റിയാണെന്നും ആരോപണമുണ്ട്.

അതിനിടെ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ സ്പീക്കര്‍ അവതരണാനുമതി ലഭിച്ചില്ല. തട്ടിപ്പുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അടിയന്തര പ്രമേയം കൊണ്ടുവന്ന ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. സി പി എമ്മിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. വായ്പാ വിതരണത്തില്‍ ഗുരുതര ക്രമക്കേടുണ്ടായി. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടിന്റെ പേരില്‍ 13 കോടി രൂപ വായ്പ നല്‍കി. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ അടിക്കാനുള്ള വടി കൊടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന് വിഷയത്തില്‍ എന്താണ് മറച്ചുവെക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. മുന്ന് വര്‍ഷം തട്ടിപ്പ് സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിച്ചിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ എന്നും സതീശന്‍ ചോദിച്ചു. നാട്ടുകരുടെ പണം എടുത്ത് തട്ടിപ്പ് നടത്തിയത് എങ്ങനെ പാര്‍ട്ടി കാര്യമാകുമെന്നും സതീശന്‍ ചോദിച്ചു.

ക്രമക്കേടുകള്‍ നടന്നതായി സഹകരണമന്ത്രി വി എന്‍ വാസവന്‍ അംഗീകരിച്ചു. 104.37 രൂപയുടെ ക്രമക്കേട് നടന്നു. പാര്‍ട്ടി നോക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഏഴ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Latest