Connect with us

Socialist

രാജ്യദ്രോഹ നിയമം: സുപ്രീം കോടതിയുടെ ചോദ്യം പൗരസമൂഹം ഏറ്റെടുക്കണം

Published

|

Last Updated


സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ബ്രിട്ടീഷ് സാമ്രാജ്യം കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇനിയും നിലനിർത്തേണ്ടതുണ്ടോയെന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായം പൗരസമൂഹം ഏറ്റെടുക്കണമെന്ന് എഴുത്തുകാരൻ എൻ ഇ സുധീർ. ഇതിനായി എല്ലാ രാഷ്ടീയ പാർട്ടികളും സാംസ്കാരിക സംഘടനകളും പ്രവർത്തകരും മുന്നോട്ടു വരണമെന്നും ഇതിൽ നമ്മൾ പരാജയപ്പെട്ടുകൂടായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ:

“സ്വാതന്ത്ര്യം ലഭിച്ച്‌ 75 വർഷമാകുന്നു. കൊളോണിയൽ കാലത്തിന്റെ ഉൽപ്പന്നമായ രാജ്യദ്രോഹനിയമം ഇനിയും നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന്‌ ഗൗരവത്തോടെ പരിശോധിക്കണം “-

സുപ്രീം കോടതി ഇന്ന് മുന്നോട്ടുവെച്ച ഈ ചോദ്യം ഇന്ത്യയിലെ പൗരസമൂഹം ഏറ്റെടുക്കണം. നമ്മുടെ സമൂഹത്തിലെ സ്വാതന്ത്ര്യത്തെ, നമ്മുടെ ജനാധിപത്യത്തെ, നമ്മുടെ അഭിപ്രായ സ്വതന്ത്ര്യത്തെ, നമ്മുടെ ആധുനിക ജീവിതത്തെ എഴുപതു വർഷമായി പരിമിതപ്പെടുത്തി കൊണ്ടിരുന്ന നിയമമാണിത്.

പണ്ട് ഗാന്ധിജിയേയും തിലകനേയും നിശ്ശബ്ദരാക്കാനുപയോഗിച്ച ആ പഴയ നിയമം കൊണ്ടു തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരെയും നിശ്ശബ്ദരാക്കാൻ ഭരണകൂടത്തിനു കഴിയുന്നു എന്ന നാണം കെട്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. ഇതിനായി എല്ലാ രാഷ്ടീയ പാർട്ടികളും സാംസ്കാരിക സംഘടനകളും പ്രവർത്തകരും മുന്നോട്ടു വരണം. ഇന്ത്യയുടെ മനസ്സ് ഈ കൊളോണിയൽ നിയമത്തിനെതിരാണെന്ന് സുപ്രീം കോടതിയെയും ഭരണകൂടത്തേയും ബോദ്ധ്യപ്പെടുത്തണം. ഇതിൽ നമ്മൾ പരാജയപെട്ടുകൂട. രാജ്യദ്രോഹനിയമം പൗരവിരുദ്ധമായ ഒന്നായി ഇനിയും തുടരാനിടയാവരുത്.

നമ്മുടെ പീനൽ കോഡും പോലീസ് സംവിധാനവും ആകെകൂടി മാറ്റിയെഴുതണം. അതിനുള്ള അവസരം കൂടിയാണിത്. സുപ്രീം കോടതി വിപ്ലവകരമായ ഒരു വിധിയിലൂടെ ഈ മനുഷ്യത്വവിരുദ്ധ, ജനാധിപത്യവിരുദ്ധ നിയമത്തെ പിഴുതെറിയും എന്നാണ് ഞാൻ കരുതുന്നത്.