Gulf
കൊച്ചിയിലും കരിപ്പൂരിലും റാപിഡ് പി സി ആര്‍ സൗകര്യമായി; വന്‍ നിരക്ക്, സൗജന്യമാക്കണമെന്ന് ആവശ്യം

ദുബൈ | വിദേശങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയില്‍ നിന്ന് വിദേശങ്ങളിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പെടുത്ത റാപിഡ് പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുമെന്ന സാഹചര്യത്തിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ റാപിഡ് പി സി ആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍ ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മണിക്കൂറില്‍ 200 പേരെ പരിശോധിക്കാനും ഫലം 30 മിനുട്ടിനുള്ളില്‍ ലഭ്യമാക്കാനും സൗകര്യമുണ്ട്. യാത്രാനുമതി നല്‍കുന്നതിന്റെ ഭാഗമായി ദുബൈ അധികൃതര്‍ റാപിഡ് പി സി ആര്‍ മാനദണ്ഡമാക്കിയിരുന്നു.
റാപിഡ് പി സി ആര്‍ പരിശോധനക്ക് കൊച്ചിയില്‍ 2,490 രൂപയും കോഴിക്കോട്ട് 3,500 രൂപയും ആണ് നിരക്ക് ഈടാക്കുകയെന്നാണ് അറിയുന്നത്. ജോലി ഇല്ലാതെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ട പ്രവാസികളാണ് ഏറെയും യാത്രക്കായി കാത്തിരിക്കുന്നത്. ടിക്കറ്റിനും വിദേശത്തെത്തിയാല്‍ ആവശ്യമായി വരുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിനും ഉള്‍പ്പെടെ വലിയൊരു തുക ചെലവ് വരും. അതിനു പുറമെയാണ് റാപിഡ് പി സി അര്‍ ടെസ്റ്റിനും അധികമായി പണം നല്‍കേണ്ടി വരുന്നത്. ഈ മഹാമാരി കാലത്ത് പ്രവാസികള്‍ക്ക് കൈത്താങ്ങാവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണമെന്നും റാപിഡ് ടെസ്റ്റ് സൗജന്യമാക്കണമെന്നുമാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.