Connect with us

Editorial

‘പശുഭീകരത’ വീണ്ടും വാഴുന്നു

Published

|

Last Updated

കൊവിഡ് കാലത്തും വിശ്രമമില്ല പശുരക്ഷാ ഗുണ്ടകള്‍ക്ക്. ലോക്ക്ഡൗണുമില്ല. പശുക്കടത്ത് ആരോപിച്ച് നിരപരാധികളെ തല്ലിക്കൊല്ലുന്ന കൊടും ക്രൂരത കൊവിഡിന്റെ അതിവ്യാപനത്തിനിടയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു ഇവര്‍. പശുക്കടത്ത് ആരോപിച്ച് ത്രിപുരയിലെ ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തില്‍ സയ്യിദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സെയ്ഫുല്‍ ഇസ്‌ലാം (18) എന്നീ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടത് മൂന്ന് ദിവസം മുമ്പാണ്. അഗര്‍ത്തലയിലേക്ക് ട്രക്കില്‍ കാലികളുമായി പോകവെയാണ് പശുക്കടത്ത് ആരോപിച്ച് സംഘ്പരിവാര്‍ ഭീകരര്‍ അവരെ മര്‍ദിച്ചു കൊന്നത്. രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബു ലാലിനെ (25) ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഒരാഴ്ച മുമ്പായിരുന്നു. കന്നുകാലികളുമായി ബാബുവും സുഹൃത്തും വാഹനത്തില്‍ സഞ്ചരിക്കവെ എട്ട് പേര്‍ അടങ്ങുന്ന സംഘം വാഹനം തടഞ്ഞു നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് ഇരുവരെയും പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബാബു മരിച്ചു. ഗുരുതരമായ പരുക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്.

അസമിലെ ടിന്‍സുകിയ ജില്ലയില്‍ കൂട്ടുകാരന്റെ വീട്ടില്‍ രാത്രി തങ്ങിയ ശരത്ത് മോറാന്‍ എന്ന യുവാവിനെ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നത് ഈ മാസം 13നാണ്. ഗ്രാമവാസികളില്‍ നിന്ന് വാങ്ങിയ നാല് എരുമകളെയുമായി പോകുകയായിരുന്ന മധ്യപ്രദേശ് സ്വദേശി സുരത് ബന്‍ജാര ഇക്കഴിഞ്ഞ മെയ് അവസാനത്തില്‍ കൊല്ലപ്പെട്ടതും പശുക്കടത്തിന്റെ പേരിലാണ്. ഛത്തീസ്ഗഢിലെ സാല്‍ഹേഘോറി ഗ്രാമത്തിലായിരുന്നു സംഭവം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഇത്തരം കൊലപാതകങ്ങളും മര്‍ദനങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പശുക്കടത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്നവരും കൊല്ലപ്പെടുന്നവരും ബഹുഭൂരിഭാഗവും നിയമവിധേയമായി കാലികളെ കൊണ്ടുപോകുന്നവരാണ്. കാര്‍ഷികവൃത്തിയോ പാലുത്പാദനമോ ലക്ഷ്യമാക്കി കാലികളെ അയല്‍ പ്രദേശങ്ങളില്‍ നിന്നോ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ വാങ്ങി വാഹനത്തില്‍ കടത്തുമ്പോഴാണ് ഗോരക്ഷകരെന്നവകാശപ്പെടുന്ന സംഘ്പരിവാര്‍ ഗുണ്ടകള്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതും കൊല്ലുന്നതും. തെളിവുകള്‍ ഹാജരാക്കിയാലും അക്രമികള്‍ സമ്മതിക്കില്ല. ഇരകള്‍ മുസ്‌ലിംകളോ ദളിതരോ ആണെങ്കില്‍ വിശേഷിച്ചും. ഒരു മാസം മുമ്പ് ഉത്തര്‍ പ്രദേശിലെ മുറാദാബാദിലെ ഒരു മാംസക്കമ്പനിയില്‍ നിന്ന് മാംസം വാങ്ങിപ്പോകുകയായിരുന്ന മുഹമ്മദ് ശാകിര്‍ എന്ന യുവാവിനെ മനോജ് ഠാക്കൂര്‍ എന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ ഒരു പറ്റം സംഘ്പരിവാര്‍ ഭീകരര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഫാക്ടറിയില്‍ നിന്ന് മാംസം വാങ്ങിയതിന്റെ തെളിവ് കാണിച്ചിട്ടും മര്‍ദനം നിര്‍ത്തിയില്ല. ഈ സംഭവത്തില്‍ നിയമപാലകരുടെ ഭാഗത്തു നിന്നുണ്ടായ നടപടിയാണ് ഏറെ വിചിത്രം. മര്‍ദനത്തിനു വിധേയനായ മുഹമ്മദ് ശാകിറിന്റെ പേരിലായിരുന്നു പോലീസ് കേസെടുത്തത്. മൃഗത്തെ കൊല്ലല്‍, രോഗം പടര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടല്‍, കൊവിഡ് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ഞായറാഴ്ച ത്രിപുരയില്‍ നടന്ന സംഭവത്തിലും സ്ഥിതി ഭിന്നമല്ല. കൊല്ലപ്പെട്ട മൂന്ന് മുസ്‌ലിം യുവാക്കളുടെ പേരിലും പശുമോഷണത്തിനു കേസെടുത്ത ചമ്പഹോര്‍ പോലീസ് അജ്ഞാതരായ അക്രമികള്‍ക്കെതിരെ കൊലപാതക കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല.

പശുവിന്റെ പേരില്‍ രാജ്യത്ത് മര്‍ദനങ്ങളും കൊലകളും വര്‍ധിച്ചു വരുന്നതിന്റെ മുഖ്യ കാരണം അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന നിയമപാലകരുടെയും കോടതികളുടെയും നിലപാടുകളാണ്. 2017 ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വറില്‍ പെഹ്്ലുഖാനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന കേസില്‍ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. ഹരിയാനയില്‍ നിന്നുള്ള ക്ഷീര കര്‍ഷകനായ പെഹ്്ലുഖാനും രണ്ട് മക്കളും ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദനത്തിനിരയാകുന്നതും കൊടിയ മര്‍ദനമേറ്റ് പെഹ്‌ലുഖാന്‍ കുഴഞ്ഞു വീഴുന്നതും ജീവനു വേണ്ടി മര്‍ദകരോട് കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോ ദൃശ്യത്തിലൂടെ ലോകമെങ്ങുമുള്ള ജനങ്ങള്‍ കണ്ടതാണ്. എന്നാല്‍ അല്‍വറിലെ അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സംസാരിക്കുന്ന ഈ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനായില്ല. അവ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയോ ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ കേസില്‍ സാക്ഷിയാക്കുകയോ ചെയ്തതുമില്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കി ആറ് പ്രതികളെയും വെറുതെവിട്ടു. പെഹ്‌ലുഖാന്റെ കുടുംബത്തിന്റെ അപേക്ഷയില്‍ കോടതി പുനരന്വേഷണത്തിന് അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് വീണ്ടും അന്വേഷിച്ചു വരികയാണ്.

സംഘ്പരിവാറിന്റെ മതന്യൂനപക്ഷങ്ങളോടും കീഴാള വിഭാഗങ്ങളോടുമുള്ള വിരോധത്തിന്റെയും വംശീയതയുടെയും ഭാഗമാണ് ഇത്തരം കൊടും ക്രൂരതകളില്‍ ഏറിയ പങ്കും. പശുക്കടത്തിന്റെയും മാംസം ഉപയോഗിച്ചതിന്റെയും പേരില്‍ ആക്രമണത്തിനിരയാകുന്നവരില്‍ ഏറിയ പങ്കും മുസ്‌ലിംകളാണെന്നത് യാദൃച്ഛികമല്ല. കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണകൂടങ്ങളും അവരുടെ നിയമ സംവിധാനങ്ങളും ഈ ന്യൂനപക്ഷ വേട്ടയെ പ്രതിരോധിക്കുന്നതിനു പകരം അക്രമികളെ പിന്തുണക്കുകയാണ്. ഇത് ഐക്യരാഷ്ട്ര സഭയുടെയും ലോക രാഷ്ട്രങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയുമെല്ലാം രൂക്ഷമായ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 ഒക്ടോബറില്‍ യു എസിന്റെ മത സ്വാതന്ത്ര്യ ചുമതലയുള്ള അംബാസഡര്‍ ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തെക്കുറിച്ചും വിവേചനത്തെക്കുറിച്ചും ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യയിലെ വിഭജന നായകനെന്നാണ് അമേരിക്കയില്‍ നിന്നിറങ്ങുന്ന ലോകപ്രശസ്ത മാസിക ടൈം 2019 മെയ് ലക്കത്തിലെ കവര്‍ സ്റ്റോറിയില്‍ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്.

---- facebook comment plugin here -----

Latest